തിരുവനന്തപുരത്ത് ട്രെയിനിന് തലവെച്ച് ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് മരണത്തിലേക്ക് തള്ളിയിട്ടത് പ്രണയത്തില്‍ തുടങ്ങി വഞ്ചനയില്‍ അവസാനിച്ച കെണിയിലൂടെയെന്ന് പൊലീസ് നിഗമനം. പതിനഞ്ച് മാസം മാത്രം നീണ്ടതായിരുന്നു ഇരുവരുടെയും പ്രണയം. അതിനിടയില്‍ വ്യാജരേഖകളുടെ സഹായത്തോടെയുള്ള ഗര്‍ഭഛിദ്രം വരെ നടന്നൂവെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
2023 ഡിസംബറിലാണ് യുവതിയും സുകാന്തും ഒരേ ബാച്ചിലെ ഉദ്യോഗസ്ഥരായി ഐ.ബിയില്‍ ജോലിക്ക് കയറുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ഇരുവരുടെയും പരിശീലനം. അതിനിടെയാണ് പ്രണയത്തിലാകുന്നത്. മെയ് മാസം വരെ പ്രണയം നീണ്ടു. പരിശീലനം പൂര്‍ത്തിയാക്കി മറ്റെല്ലാവരും നാട്ടിലേക്ക് മടങ്ങിയിട്ടും ഇരുവരും അഞ്ച് ദിവസം കൂടി അവിടെ താമസിച്ചു. പിന്നീട് സുകാന്ത് കൊച്ചിയിലും യുവതി തിരുവനന്തപുരത്തും ജോലിക്ക് കയറി.
ഇതിനിടെ പലതവണ ചെന്നൈയടക്കം വിവിധയിടങ്ങളിലേക്ക് ഇരുവരും ഒരുമിച്ച് യാത്രയും പോയി. ജൂണ്‍ മാസത്തില്‍ യുവതി ഗര്‍ഭിണിയായി. അതിന് ശേഷമാണ് സുകാന്തിന്‍റെ വഞ്ചനയും ചതിയുമെല്ലാം പുറത്ത് വരുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഐ.ബി ഉദ്യോഗസ്ഥ തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയത്. സുകാന്തും യുവതിയും തമ്മില്‍ വിവാഹിതരാണെന്ന വ്യാജരേഖകള്‍ കാണിച്ചായിരുന്നു ചികിത്സ. വിവാഹ രേഖകള്‍ കൂടാതെ വ്യാജ വിവാഹ ക്ഷണക്കത്ത് വരെ സുകാന്ത് തയാറാക്കി. ഇതുകാണിച്ച് ഗര്‍ഭഛിദ്രം നടത്തി.
അതുവരെ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന സുകാന്ത് പിന്നീട് താല്‍പ്പര്യക്കുറവ് കാണിച്ചു തുടങ്ങി. ആദ്യമൊക്കെ വിവാഹത്തിന് അല്‍പം സമയം വേണമെന്നായിരുന്നു ആവശ്യം. യുവതി അത് വിശ്വസിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ വീണ്ടും വിവാഹത്തിന് ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് വിവാഹമേ പറ്റില്ലെന്ന നിലപാടിലേക്ക് സുകാന്ത് മാറുന്നത്. ഏറ്റവും ഒടുവില്‍ യുവതി ജീവനൊടുക്കുന്നതിന് ഒരാഴ്ച മുന്‍പ് വിവാഹത്തിന് സമ്മതമല്ലെന്ന് കാണിച്ച് യുവതിയുടെ അമ്മയുടെ ഫോണിലേക്ക് വാട്സാപ് സന്ദേശം അയച്ചു. അത് യുവതി അറിഞ്ഞതോടെ പൂര്‍ണ നിരാശയിലേക്ക് പോവുകയും ഒടുവില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയും ചെയ്തതെന്നാണ് പൊലീസ് നിഗമനം.