തിരുവനന്തപുത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കും തോറും പ്രണയച്ചതിയുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. മികച്ച ജോലിയുണ്ടായിരുന്ന രണ്ട് പേര്‍ ജോലി പരിശീലനത്തിനിടെ പ്രണയത്തിലാകുന്നു. 15 മാസം നീണ്ട പ്രണയത്തിനിടെ സ്നേഹം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയ ലൈംഗികമായി ഉപയോഗിക്കല്‍. കൂടാതെ ലക്ഷങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ പ്രണയവും വിവാഹവും എല്ലാം ഉപേക്ഷിച്ച് കയ്യൊഴിയല്‍. ഇത് താങ്ങാനാവാതെ ആ 24 കാരി റയില്‍പാളത്തില്‍ ജീവിതം അവസാനിപ്പിച്ചു.
അടുത്തിടെ കേരളം നടുക്കത്തോടെ കേട്ട പ്രണയച്ചതിയായ പാറശാല ഷാരോണ്‍ വധക്കേസുമായി ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കും സാമ്യം കാണാം. ഷാരോണും കൊലനടത്തിയ ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അതിനിടെ ലൈംഗിക ബന്ധവും വ്യാജ വിവാഹവുമെല്ലാം നടന്നു. ഒടുവില്‍ ആ ബന്ധം മടുത്ത്, മറ്റൊരു ബന്ധത്തിലേക്ക് പോകാനാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. ഷാരോണും പ്രണയച്ചതിയുടെ ഇര.
പ്രണയച്ചതിയുടെ മറ്റൊരു ഇരയായ ഐബി ഉദ്യോഗസ്ഥയ്ക്ക് നിയമവഴിയില്‍ നീതി നേടിയെടുക്കാന്‍ കുടുംബം തിരഞ്ഞെടുത്തിരിക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വാങ്ങി നല്‍കിയതിലൂടെ ഷാരോണിന് നീതി നേടിയെടുത്ത അഭിഭാഷകനെ തന്നെയാണ്. തിരുവനന്തപുരത്തെ അഭിഭാഷന്‍ വി.എസ്.വിനീത് കുമാര്‍. സര്‍ക്കാറിന്‍റെ അഭിഭാഷകന് പുറമെയാണ് ഉദ്യോഗസ്ഥയുടെ കുടുംബം സ്വന്തം അഭിഭാഷകനെ നിയോഗിച്ചത്.
സുകാന്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയാണ് നിയമപോരാട്ടത്തിലെ ആദ്യഘട്ടം. അതിന് വേണ്ടി അടുത്തയാഴ്ച ഹൈക്കോടതി സുകാന്തിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ വിനീത് കുമാര്‍ കോടതിയില്‍ ഹാജരാകും. ലൈംഗിക–സാമ്പത്തിക ചൂഷണത്തിനൊടുവില്‍ നടന്ന മാനസിക–ശാരീരിക ഭീഷണി മൂലമുള്ള ആത്മഹത്യയെന്ന രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിനീത് കുമാര്‍ ഒരുങ്ങുന്നത്. പ്രണയച്ചതിയുടെ മറ്റൊരു ഇരയായി ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയും കോടതിയില്‍ ഉയരും.