ib-wedding-letter

തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം പെട്ടന്നുള്ള പ്രകോപനമെന്ന് പൊലീസ്. സുഹൃത്ത് സുകാന്തിനെ പിടികൂടാന്‍ ഇതര സംസ്ഥാനത്ത് ഉള്‍പ്പടെ അന്വേഷണം തുടരുന്നതായും ഡി.സി.പി നകുല്‍ ദേശ്മുഖ് പറഞ്ഞു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ സുകാന്തിനെ പിടികൂടാത്തത് പൊലീസിന്‍റെ വീഴ്ചയല്ലെന്നും വിശദീകരിച്ചു.

ഐ.ബി ഉദ്യോഗസ്ഥ ട്രയിനിന് തലവെച്ച് ജീവനൊടുക്കി 15 ാം ദിവസമാണ് കേസില്‍ പൊലീസിന്‍റെ ആദ്യ പ്രതികരണം. മരണത്തിന് തൊട്ടുമുന്‍പുള്ള ഫോണ്‍ വിളിയും അതിലുണ്ടായ പ്രകോപനവുമാണ് ആത്മഹത്യക്ക് കാരണമായി കരുതുന്നത്. എന്നാല്‍ എന്തായിരുന്നു പ്രകോപനമെന്ന് ഉറപ്പിക്കാന്‍ സുകാന്തിനെ ചോദ്യം ചെയ്യണം. എങ്കിലും സുകാന്ത് നടത്തിയ സാമ്പത്തിക–ലൈംഗിക ചൂഷണത്തിന് തെളിവുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി.സി.പി നകുല്‍ ദേശ്മുഖ് പറഞ്ഞു.

സുകാന്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റിന് തടസമില്ലെന്നും ഒളിവിലുള്ള സുകാന്തിനായി ഇതരസംസ്ഥാനത്ത് ഉള്‍പ്പടെ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സുകാന്തിന്‍റെ കുടുംബവും രണ്ടാഴ്ചയോളമായി ഒളിവിലാണ്.

അതേസമയം കേസിന്‍റെ ആദ്യ ദിവസങ്ങളില്‍ സുകാന്തിനെ പിടിക്കാത്തത് വീഴ്ചയല്ലെന്നുമാണ് വിശദീകരണം. ആ സമയത്ത് കേസ് ഈ തരത്തില്‍ മാറിയിട്ടില്ലായിരുന്നൂവെന്ന് ന്യായീകരണം

ENGLISH SUMMARY:

The suicide of an IB officer in Thiruvananthapuram is attributed to sudden provocation, according to the police.