രാസലഹരിക്കടത്തിന്‍റെ തെളിവെടുപ്പിനിടെ തൃശൂര്‍ നെടുപുഴ പൊലീസിനെ കബളിപ്പിച്ച് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരന്‍ ആല്‍വിനാണ് പൊന്നാനിയില്‍ പിടിയിലായത്.
തൃശൂർ നെടുപുഴയിൽ എം.ഡി.എം.എ തൂക്കിവിറ്റ മനക്കൊടി സ്വദേശി ആല്‍വിന്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. രാസലഹരി വാങ്ങിയ ബംഗ്ലൂരുവിൽ തെളിവെടുപ്പിനുള്ള യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നാണ് ചാടിയത്. ലഹരിക്കേസിൽ ആദ്യമായി പിടിക്കപ്പെടുന്നത് നെടുപുഴ കേസിൽ. വാടക വീട്ടിൽ MDMA തൂക്കിവിൽപനയ്ക്കിടെ പിടിയിലാകുമെന്നായപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് രക്ഷപ്പെട്ടു . ബംഗ്ലൂരുവിലും ഡൽഹിയിലും ഒളിവിൽ കഴിഞ്ഞു.
പിന്നെ , നാട്ടിലേയ്ക്ക് ട്രെയിൻ കയറി. തൃശൂർ റയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ കയ്യോടെ പിടികൂടി. കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൽവിന്‍റെ കാൽ കട്ടിലിൽ വിലങ്ങു വച്ച് ബന്ധിച്ചിരുന്നു. ഇത് പൊട്ടിച്ചാണ് ചാടിയത്. ഹോട്ടലിന്‍റെ മൂന്നാം നിലയുടെ മുകളിൽ നിന്ന് പൈപ്പിലൂടെ ഊഴ്ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ചയായി ആല്‍വിനെ പിടികൂടാന്‍ പൊലീസ് പരിശ്രമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ,പൊന്നാനിയില്‍ നിന്ന് പിടികൂടിയത്. ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാൻ ബംഗ്ലൂരുവിൽ പോയി രാസലഹരിക്കടത്തുകാരനായി മാറിയതാണ് ആല്‍വിന്‍.