മാള കുഴൂരിന് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒരു ആറുവയസ്സുകാരന്റെ ചേതനയറ്റ ശരീരവുമായി ആ നാടുമുഴുവന്‍ തേങ്ങി. പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ ആ നാടൊന്നാകെ അവന് നേരെ പാഞ്ഞടുത്തു.
ആറുവയസുകാരനെ കാണാനില്ലെന്ന് അറിഞ്ഞതോടെ ആ നാട് ഒന്നാകെ അവനെ തിരഞ്ഞു നടന്നപ്പോള്‍ കൊലയാളി ജോജോ ജാതിമരത്തിൽ കയറിയിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍. സ്ഥിരമായി പാടത്ത് കളിക്കാന്‍ വരുന്നയാളായിരുന്നു കൊലയാളി ജോജോ. കുട്ടികളുമായി ചങ്ങാത്തം കൂടുന്നതും പതിവ്. വീടിന്‍റെ മുറ്റത്തെ റോഡിലും കളിക്കാനായി വരാറുണ്ട്. ഈ സമയം കുട്ടികളുടെ അമ്മമാരോടും വര്‍ത്തമാനം പറഞ്ഞു നില്‍ക്കും. എല്ലാവരോടും നല്ല സൗഹൃദം. ഇതുവരെയും ഒരു കുട്ടിയെയും ഉപദ്രവിച്ചതായി പരാതിയില്ല.
അയല്‍വാസികളുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്നത് പിടിക്കപ്പെട്ടതും, മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതും കണ്ടുപിടിച്ചതിനുശേഷം നാട്ടുകാര്‍ ജോജോയെ അകറ്റി നിര്‍ത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തിന്‍റെ പക്കൽ നിന്ന് ആയിരം രൂപ കടം വാങ്ങി. പിന്നെ, സ്വർണപള്ളം പാടത്ത് എത്തി. വളരെ തന്ത്രപരമായി ആറുവയസുകാരനെ കൂടെക്കൂട്ടി. ചൂണ്ടയിട്ട് മീന്‍ പിടിച്ചു തരാമെന്ന് പറഞ്ഞാണ് കുളത്തിനരികിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ആവശ്യം നിരസിച്ചതിനൊപ്പം വിവരം മറ്റുള്ളവരെ അറിയിക്കുമെന്ന് കൂടി ആറുവയസുകാരന്‍ പറഞ്ഞതോടെ കുളത്തില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി.
കൊലപ്പെടുത്തിയശേഷം യാതൊരു കൂസലുമില്ലാതെ കുളത്തിനരികില്‍ നിന്ന് ജാതി തോട്ടത്തിലേക്ക് പോയി. അപ്പോഴേക്കും കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കുട്ടിയെ തിരഞ്ഞ് ജാതിത്തോട്ടത്തിലെത്തിയ നാട്ടുകാരിയായ സ്ത്രീ ജാതി മരത്തിൽ കയറി ജാതിക്ക തിന്നുന്ന ജോജോയെ കണ്ടു. കുട്ടിയെ കണ്ടോയെന്ന് ചോദിച്ചപ്പോൾ കണ്ടില്ലെന്ന് ഉടനടി മറുപടിയും.
എന്നാല്‍ ജോജോയ്ക്കൊപ്പം ആറുവയസുകരാന്‍ പോകുന്നത് കണ്ട മറ്റൊരു കുട്ടി അമ്മയെ വിവരമറിയിച്ചു. പിന്നാലെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. 21 വയസ് താഴെയായതിനാൽ കാക്കനാട്ടെ കറക്ഷൻ ഹോമിലേയ്ക്ക് മാറ്റും. പ്രതിയുടെ കുടുംബാംഗങ്ങളെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയിരുന്നു. അമ്മയും സഹോദരനും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം.