Drug-1200

TOPICS COVERED

കാസര്‍ഗോഡ് തെക്കില്‍ ചാട്ടഞ്ചാല്‍ എം.കെ. അഷറഫിനെയാണ് സുഹൃത്തിന്‍റെ ഐഡിയ ചതിച്ചത്. കാസര്‍ഗോഡാണ് വീടെങ്കിലും അഷറഫ് മൂന്ന് വര്‍ഷമായി കൊച്ചിയിലുണ്ട്. കൊച്ചിയിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്ന പ്രധാനിയാണ് പിടിയിലായ അഷറഫ്. ആദ്യം കുറച്ചുനാള്‍ നഗരത്തിലെ പല ഹോട്ടലുകളില്‍ മാനേജരായിട്ടായിരുന്നു അഷറഫിന്‍റെ ജോലി. അവിടെ നിന്നുണ്ടായ ബന്ധങ്ങള്‍ അഷറഫിനെ പെണ്‍വാണിഭ സംഘത്തിന്‍റെ കണ്ണിയാക്കി. ഹോട്ടല്‍ ജോലി ഉപേക്ഷിച്ച അഷറഫ് പെണ്‍കുട്ടികളെ വിവിധ ഹോട്ടലുകളിലെത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന ചുമതലയേറ്റെടുത്തു. 

കൊച്ചിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടികള്‍ കടുപ്പിച്ചതോടെ അഷറഫിന്‍റെ പദ്ധതികളെല്ലാം പാളി. പൊലീസ് പിടിയിലാകുമോ എന്ന ഭയം ഒരുവശത്ത് മറുവശത്ത് സാമ്പത്തിക പ്രതിസന്ധി. ഇതോടെ വിസിറ്റിങ് വിസ തരപ്പെടുത്തി അഷറഫ് ഒമാനിലേക്ക് വിട്ടു. അവിടെ തൊഴില്‍ തേടിയുള്ള അലച്ചിലിനിടെയാണ് സുഹൃത്തിന്‍റെ ഐഡിയ. നാട്ടില്‍ ലഹരിവില്‍പന ഏറ്റെടുക്കുക...ലഹരിമാഫിയ സംഘത്തിന്‍റെ കണ്ണിയായ സുഹൃത്തിന്‍റെ ഉപദേശം ഏറ്റെടുത്ത അഷറഫ് നാട്ടില്‍ മടങ്ങിയെത്തി രാസലഹരികച്ചവടം തുടങ്ങി. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ജോലി അഷറഫ് ഏറ്റെടുത്തു. ഓരോ തവണയും ലഹരിക്കടത്തിന് കമ്മിഷന്‍ ഇരുപതിനായിരം രൂപ മുതല്‍ മുകളിലേക്ക്. ബെംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തു നിന്നാണ് എംഡിഎംഎ വാങ്ങുന്നത്. ബെംഗളൂരുവിലേക്കുള്ള യാത്ര ട്രെയിനിലാണ്, കൊച്ചിയിലേക്കുളള മടക്കം ബസില്‍. പൊലീസിന്‍റെയും എക്സൈസിന്‍റെയും കണ്ണുവെട്ടിക്കാന്‍  അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ബെംഗളൂരുവില്‍ നിന്നും അഷറഫ് ലഹരി കടത്തിയിരുന്നത്.

കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജിലും മുറിയെടുത്ത് താമസിച്ച് ലഹരിക്കച്ചവടം നടത്തിവന്നു. മുന്‍കൂട്ടി പണം നല്‍കിയ ഇടപാടുകാരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. കഴിഞ്ഞ ദിവസം അന്‍പത് ഗ്രാം എംഡിഎംഎയാണ് അഷറഫ് ബെംഗളൂരുവില്‍ നിന്നെത്തിച്ചത്. ഇതില്‍ ആറ് ഗ്രാം നേരത്തെ വില്‍പന നടത്തി. ബാക്കിയുള്ള 44 ഗ്രാം ലഹരിമരുന്ന് കൈമാറാന്‍ കാത്തിരിക്കുമ്പോളാണ് ഡാന്‍സാഫിന്‍റെ പിടിയിലായത്. ലഹരിക്കടത്തിനും വില്‍പനയ്ക്കും സ്ത്രീകളെയും അഷറഫ് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ലഹരികച്ചവടത്തിനൊപ്പം കൊച്ചിയിെ പെണ്‍വാണിഭ സംഘത്തെയും അഷറഫ് നിയന്ത്രിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഷറഫില്‍ നിന്ന് പതിവായി ലഹരിമരുന്ന് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kasaragod native arrested in Kochi for drug trafficking on friend's advice