സാമ്പത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊന്ന് ദൃശ്യം മോഡലിൽ മാൻഹോളിൽ കുഴിച്ചിട്ട കേസിൽ ഒരാളെക്കൂടി പൊലീസ് പിടികൂടി. ഒന്നാം പ്രതി ജോമോൻ ജോസഫിന്റെ ബന്ധു ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്ത് എബിൻ തോമസാണ് (35) അറസ്റ്റിലായത്. കൊലപാതക വിവരം എബിന് പൂർണമായി അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു, എന്നാൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം മാത്രം അറിയില്ലായിരുന്നു.
ജോമോന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയതും എബിനാണ്. കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങൾ എബിന് അറിയാമായിരുന്നു. ബിജു മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും അറിയാമായിരുന്നു. എന്നാൽ കുഴിച്ചിട്ട സ്ഥലം അറിയില്ലായിരുന്നു. കൊലപാതകത്തിന് ശേഷം ജോമോൻ എബിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ശേഷം പുതിയ ഫോൺ വാങ്ങാൻ 25,000 രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തതും ഇയാളാണ്.
ജോമോനുമായി എബിന് ബിസിനസ് പങ്കാളിത്തം ഒന്നുമില്ലെങ്കിലും, കാറ്ററിങ് സർവീസിൽ സഹായിച്ചിരുന്നതായി വിവരമുണ്ട്. അതേസമയം ജോമോന്റെ ഭാര്യ ഒളിവിൽ തുടരുകയാണ്. രണ്ടു ദിവസം മുമ്പാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇത് പാലിച്ചില്ല. ഇവരെ അന്വേഷിച്ച് കഴിഞ്ഞദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. ചോദ്യം ചെയ്ത് സംഭവത്തിലെ പങ്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
വരും ദിവസങ്ങളിൽ ഇവർ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. ബിജുവിന്റെ മൃതദേഹം ഇവർ കണ്ടതാണെന്നും കിടപ്പുമുറിയിലെ രക്തക്കറ കഴുകി കളഞ്ഞത് ഇവരാണെന്നുമാണ് വിവരം. ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.