യു ടേണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു. സൂറത്തില്‍ നടന്ന നടക്കുന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരാണ് പ്രതികളെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രാജ്കോട്ടിലുള്ള ജയേഷ്ഭായ് സഹോദരന്‍ ഭാരത്ഭായിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച റോഡിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ തെറ്റായ ദിശയില്‍ സ്കൂട്ടറില്‍ വരികയായിരുന്നു. തെറ്റായ ദിശയില്‍ വണ്ടിയോടിച്ചതിന് കുട്ടികളെ ഭാരത് വഴക്ക് പറഞ്ഞു. അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഇതിന് മറുപടി നല്‍കിയത്. ഇതില്‍ പ്രകോപിതനായ ജയേഷ് വണ്ടിയില്‍ നിന്നും ഇറങ്ങി കുട്ടികളെ അടിച്ചു, യു ടേണ്‍ എടുത്ത് യാത്ര തുടരാനും കുട്ടികളോട് പറഞ്ഞു.
ഇതിനുശേഷം ജയേഷ് സഹോദരനൊപ്പം വണ്ടിയില്‍ പോവുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന കുട്ടികള്‍ ജയേഷിനെ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ഈ സമയം ഒപ്പമുള്ള കുട്ടി 'കൊല്ലെടാ അവനെ, ജീവനോടെ ഉണ്ടാവരുത്' എന്ന് ഉറക്കെ പറയുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
ജയേഷിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിച്ചു. പ്രായപൂര്‍ത്തിയാവാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.