jesna-father

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. പിതാവ് ഹാജരാക്കിയ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കെന്നതടക്കമുള്ള ആരോപണങ്ങൾക്കുള്ള തെളിവായിരുന്നു പിതാവ് കോടതിയിൽ ഹാജരാക്കിയത്.

 

തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നിർണായ തെളിവുകൾ ലഭിച്ചതായി കാണിച്ച് പിതാവ് കോടതിയെ സമീപിച്ചു. ജെസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ല എന്ന് പറഞ്ഞ പിതാവ് തിരോധാനത്തിനു പിന്നിൽ ഒരു അജ്ഞാത സുഹൃത്തിന് ബന്ധമെന്ന സംശയവും ഉന്നയിച്ചു. എല്ലാ വ്യാഴാഴ്ചയും ജസ്ന പോകാറുള്ള പ്രാർത്ഥന കേന്ദ്രത്തിൽ വച്ചാണ് യുവാവിനെ പരിചയപ്പെട്ടതെന്നാണ് പിതാവ് പറയുന്നത്. 

കാണാതാകുന്ന ദിവസം ജസ്ന ഉപേക്ഷിച്ചിട്ട വസ്ത്രത്തിൽ അമിത രക്തക്കറകൾ കണ്ടത് ഗർഭിണി ആയിരുന്നുവെന്ന സംശയത്തിന് ഇടനൽകുന്നതായും കോടതിയിൽ പിതാവ് അറിയിച്ചു. ഈ സംശയത്തിൻ്റെ തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കുകയും ചെയ്തു. ഈ തെളിവും സി.ബി ഐയുടെ കേസ് ഡയറിയും കോടതി ഒത്ത് നോക്കി. പിതാവ് ഉന്നയിച്ച തെളിവുകളിൽ അന്വേഷണം നടന്നിട്ടില്ലന്ന് ബോധ്യമായതോടെയാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സി.ബി. ഐ വീണ്ടും അന്വേഷിച്ചിറങ്ങുകയാണ്.

Jesna missing :

Where is Jasna?; Order for further investigation