renuka-darsan

പ്രണയവും പകയും വിളക്കിച്ചേര്‍ത്ത ഒരു ഷേക്സ്പിയര്‍ നാടകം പോലെ, അതില്‍ താരാരാധനയുടെ ചൂടുകൂടി ചേര്‍ന്ന് ഉണ്ടായതാണ് കര്‍ണാടകയിലെ രേണുക സ്വാമി കൊലക്കേസ്. അന്ധമായ ആരാധന പ്രണയവും ലൈംഗികാഭിനിവേശവുമായി മാറിയപ്പോള്‍ എതിര്‍വശത്ത് നിന്നവര്‍ക്കുണ്ടായ പകയാണ് രേണുകസ്വാമി എന്ന മുപ്പത്തിമൂന്നുകാരന്റെ ജീവിതം ചതഞ്ഞരയാന്‍ കാരണമായത്.

ഒരു വര്‍ഷം മാത്രമായ ദാമ്പത്യത്തില്‍ ആദ്യസന്തോഷത്തിനായി കാത്തിരിക്കുന്ന സമയത്താണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിക്ക് കന്നഡ നടി പവിത്രഗൗഡയോട് ആരാധനയേറിയത്. ഗൗതം_കെഎസ്_1990 എന്ന വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് രേണുകസ്വാമി പവിത്രയ്ക്ക് സന്ദേശങ്ങളയച്ചു. വൈകാതെ മെസേജുകളുടെ സ്വഭാവം മാറി. നടന്‍ ദര്‍ശന്‍ തെഗുദീപയുമായി പതിറ്റാണ്ടിലേറെയായി പ്രണയത്തിലായിരുന്ന പവിത്ര, ദര്‍ശനെ വിട്ട് തന്റ കൂടെ വന്നു താമസിക്കണമെന്ന് രേണുകസ്വാമി ആവശ്യപ്പെടാന്‍ തുടങ്ങി. പവിത്രയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും വ്യാജ അക്കൗണ്ടില്‍ നിന്ന് വരാന്‍ തുടങ്ങിയതോടെ നടി രോഷാകുലയായി. വിവരം ദര്‍ശനെയും ചിത്രദുര്‍ഗ ജില്ലയിലെ ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാഘവേന്ദ്രയെയും അറിയിച്ചു.

രാഘവേന്ദ്ര ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി രേണുകസ്വാമിക്ക് സന്ദേശങ്ങളയച്ചു. അയാളുടെ യഥാര്‍ഥപേരും വിവരങ്ങളും കണ്ടെത്തി. ജൂണ്‍ ഏഴിന് രഘു ഗൂണ്ടാസംഘവുമായി ചിത്രഗുര്‍ഗയിലെത്തി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി. രാജരാജേശ്വരി നഗറിലെ പട്ടണഗരെയിലെ ആളൊഴിഞ്ഞ പാര്‍ക്കിങ് യാര്‍ഡിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ബെല്‍റ്റുകൊണ്ട് തല്ലിച്ചതച്ചു. ഷോക്കടിപ്പിച്ചു. തുടര്‍ന്ന് പവിത്രയെയും ദര്‍ശനെയും വിവരമറിയിച്ചു. ആര്‍.ആര്‍. നഗറിലെ ബ്രൂക്സ് റസ്റ്ററന്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ദര്‍ശന്‍ അവിടെ നിന്ന് പവിത്രയുടെ വീട്ടിലെത്തി അവരെയും കൊണ്ട് പട്ടണഗരെയിലേക്ക് പോയി.

renuka-swami-dharshan-pavithra-gowda-one

പാര്‍ക്കിങ് യാര്‍ഡിലെത്തിയ പവിത്ര തന്റെ ചെരുപ്പുപയോഗിച്ച് രേണുകസ്വാമിയുടെ മുഖത്തും ശരീരത്തിലും പലവട്ടം ആഞ്ഞടിച്ചു. മുഖത്തുനിന്ന് വാര്‍ന്നൊഴുകിയ ചോര പവിത്രയുടെ ചെരുപ്പില്‍ പറ്റി. തുടര്‍ന്ന് കാമുകനോട് അവനെ വെറുതെവിടരുതെന്ന് അവര്‍ ആക്രോശിക്കുകയും ചെയ്തു. ‘അവനെ പാഠം പഠിപ്പിക്കണം, അവനെപ്പോലുള്ളവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല’എന്നായിരുന്നു പവിത്രയുടെ വാക്കുകള്‍. അതുകേട്ട് ക്രോധാവേശം കൊണ്ട ദര്‍ശനും സംഘവും രേണുകസ്വാമിയെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ് രേണുകസ്വാമിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായി. സ്വകാര്യ ഭാഗങ്ങള്‍ ചതഞ്ഞര‌‍ഞ്ഞു. ജനനേന്ദ്രിയം  മുറിഞ്ഞടര്‍ന്ന നിലയിലായിരുന്നുവെന്ന്  കോടതിയില്‍ സമര്‍പ്പിച്ച നാലായിരം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. നടന്‍ ദര്‍ശന്റെ ചവിട്ടേറ്റാണ് രേണുകസ്വാമിയുടെ സ്വകാര്യഭാഗങ്ങള്‍ തകര്‍ന്നതെന്ന് പ്രതികളിലൊരാളായ ദീപക് കുമാര്‍ മൊഴി നല്‍കി.  അടിയേറ്റ് ശരീത്തിലെ എല്ലുകളെല്ലാം നുറുങ്ങി, ഒരു ചെവി കാണാന്‍ പോലും ഇല്ലായിരുന്നു. ഇലക്ട്രിക് ലീക്കേജ് ടെസ്റ്റിന് ഉപയോഗിക്കുന്ന മെഗര്‍ ഉപയോഗിച്ച് അക്രമികള്‍ രേണുകസ്വാമിയുടെ ജനനേന്ദ്രിയത്തില്‍ ഷോക്കടിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം രാഘവേന്ദ്രയും സംഘവും ചേര്‍ന്ന് കാമാക്ഷിപാളയയില്‍ അഴുക്കുചാലില്‍ തള്ളി. 

renuka-swami-dharshan-pavithra-gowda-six

ജൂണ്‍ എട്ടിനാണ് രേണുകസ്വാമിയുടെ ചതഞ്ഞരഞ്ഞ മൃതദേഹം സുമനഹള്ളി പാലത്തിനു സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തത്. ശരീരത്തിലാകെ 39 മാരക മുറിവുകളുണ്ടായിരുന്നു. രണ്ടാംദിവസം കൊലക്കുറ്റം ഏറ്റെടുത്ത് നാലുപേര്‍ പൊലീസില്‍കീഴടങ്ങി.  സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പകയുടെ പേരില്‍ രേണുകസ്വാമിയെ കൊലപ്പെടുത്തിയെന്നായിരുന്നു വാദം. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ നടന്‍ ദര്‍ശന്റെ പങ്ക് പുറത്തുവന്നു. കൊലക്കുറ്റം ഏറ്റെടുക്കാന്‍ ദര്‍ശന്‍ വ്യാജ പ്രതികള്‍ക്കു വന്‍ തുക വാഗ്ദാനം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. 

renuka-swami-dharshan-pavithra-gowda-three

ജൂണ്‍ 11ന് ദര്‍ശന്‍ തെഗുദീപ മൈസുരുവിലെ ജിമ്മില്‍വച്ച് അറസ്റ്റിലായി. വ്യാജപ്രതികളായി ഹാജരായ നിഖില്‍ നായിക്ക്, കേശവമൂര്‍ത്തി, കാര്‍ത്തിക് എന്നിവരെയും കൊലക്കേസില്‍ പ്രതിചേര്‍ത്തു. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തി. ദര്‍ശനും പവിത്രയും ഉള്‍പ്പെടെ മറ്റ് 14 പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സംഘംചേര്‍ന്ന് മര്‍ദനം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ മൂന്ന് ദൃക്സാക്ഷികളുണ്ട്.

 

ജൂണ് 16ന് കോടതിനടപടികള്‍ ആരംഭിച്ചു. 22ന് ദര്‍ശനെയും കൂട്ടാളികളെയും പരപ്പന അഗ്രഹാര ജയിലിലടച്ചു. അവിടെയും ആഡംബരത്തോടെ കഴിയുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ തടിയൂരി. സെപ്റ്റംബര്‍ 3ന് പൊലീസ് രേണുകസ്വാമി കൊലക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ചിത്രങ്ങള്‍ സംഘത്തില്‍പ്പെട്ട ചിലര്‍ മൊബൈലില്‍ എടുത്തിരുന്നു. വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിനിടെ രേണുകസ്വാമി കൊലയാളികളുടെ മുന്നില്‍ കൈകൂപ്പി കരയുന്നതിന്റെയും കൊല്ലപ്പെട്ടശേഷം വസ്ത്രങ്ങള്‍ ധരിപ്പിച്ചു നിലത്തു കിടത്തിയതിന്റെയും ഫോട്ടോകള്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. 

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍, കോള്‍ റെക്കോര്‍ഡ്, വാട്സാപ് സന്ദേശങ്ങള്‍, സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങി അനേകം ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ഹാജരാക്കി. ദര്‍ശന്റെയും മറ്റ് പ്രതികളുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും തെളിവുകളുടെ ഭാഗമാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 

മറ്റുപലയിടങ്ങളിലെയും പോലെ താരപ്പൊലിമയും രാഷ്ട്രീയവും സമ്പത്തും സ്വാധീനവുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നതാണ് കന്നഡ സിനിമാലോകം. ഇത്ര ഹീനമായ കുറ്റകൃത്യം ചെയ്തിട്ടും ദര്‍ശന് ജയിലിലും പുറത്തും ലഭിക്കുന്ന പിന്തുണയും പരിഗണനയുമെല്ലാം നിയമപുസ്തകങ്ങളെ ലജ്ജിപ്പിക്കും. കേരളത്തിലടക്കം സിനിമാപ്രവര്‍ത്തകര്‍ വലിയ ചോദ്യങ്ങള്‍ നേരിടുന്ന കാലത്താണ് രേണുകസ്വാമിയുടെ മൃഗീയ കൊലപാതകം അരങ്ങേറിയത്. രേണുകസ്വാമി തെറ്റുചെയ്തെങ്കില്‍ ശിക്ഷിക്കാന്‍ ആരാണ് ദര്‍ശനും കൂട്ടാളികള്‍ക്കും അവകാശം നല്‍കിയത്. നിയമത്തിനും രാജ്യത്തിനും മേലെയാണോ അവര്‍? കോടതി മറുപടി പറയട്ടെ.

Charge sheet filed against actor Darsan Thoogudeepa in Renuka Swamy murder case by bengaluru police:

Charge sheet filed against actor Darsan Thoogudeepa in Renuka Swamy murder case by bengaluru police. The evidence includes a photograph from the crime scene showing Renukaswamy pleading with the accused to stop beating him.