Untitled design - 1

ഗൂ​​ഗിളിൽ തയ്യൽക്കടയുടെ പേര് സെർച്ച് ചെയ്തപ്പോൾ, അപ്രതീക്ഷിതമായി കണ്ട ഇരുചക്രവാഹനത്തിന്റെ ചിത്രം മൂലം മാലക്കള്ളൻ അകത്തായി!. എറണാകുളം തമ്മനം സ്വദേശിയായ ജുവാനയുടെ ഒന്നര പവന്റെ സ്വർണ മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ പോണേക്കര സ്വദേശി ലിവിനെയാണ് ​ഗൂ​ഗിളിന്റെ സഹായത്തോടെ പൊലീസ് കുടുക്കിയത്. 

വ്യാഴാഴ്ച്ചയായിരുന്നു ഈ മാലമോഷണം നടന്നത്. രാവിലെ പത്തേ മുക്കാലോടെ ബൈക്കിലെത്തിയ യുവാവ്  റോഡിലൂടെ നടന്നു പോവുകയായിരുന്ന 65കാരിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ ജുവാന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. അങ്ങനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറ നോക്കിയതോടെ പൊലീസിന് മാല പൊട്ടിക്കുന്ന ദൃശ്യം ലഭിച്ചു. മോഷ്ടാവ് വന്ന ഇരുചക്രവാഹനം ഏതാണെന്ന് തിരക്കിയപ്പോൾ പാലാരിവട്ടത്തെ ഒരു തയ്യൽക്കടയുടേതാണെന്ന് സൂചന ലഭിച്ചു. അങ്ങനെ ​ഗൂ​ഗിളിൽ ഈ കട സെർച്ച് ചെയ്തപ്പോഴാണ് പൊലീസിന് നിർണായക ചിത്രം കൂടി ലഭിക്കുന്നത്. 

ഗൂ​ഗിളിൽ തയ്യൽക്കടയുടെ ചിത്രം വന്നതിന് പുറമേ, ആ കടയ്ക്ക് സമീപം ഒരു ഇരുചക്രവാഹനം കൂടി ഇരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. യുവാവ് മോഷണം നടത്താനെത്തിയ വണ്ടി തന്നെയാണ് ഇതെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് കടയിലെത്തി പ്രതിയെ കൈയ്യോടെ പൊക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർ​ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഇടപ്പള്ളി റെയിൽവേ സ്റ്റേഷനടുത്ത് ഹൗസിങ് ബോർഡിന്റെ പറമ്പിലെ മരപ്പൊത്തിലാണ് പ്രതി മാല ഒളിപ്പിച്ചിരുന്നത്. ഇയാളുടെ മൊഴി പ്രകാരം പൊലീസെത്തി മാല കണ്ടെടുക്കുകയായിരുന്നു. 

ENGLISH SUMMARY:

Image of the vehicle on Google! The thief who stole the necklace was arrested