policeman-in-alappuzha-kuzh

ആലപ്പുഴ കുഴിമന്തിക്കട ആക്രമണക്കേസിൽ പ്രതിയായ പൊലീസുകാരനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ ആലപ്പുഴ വാടയ്ക്കൽ സ്വദേശി കെ.എഫ്  ജോസഫ് ആണ് കട ആക്രമിച്ചത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ഇയാളുടെ മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്നാരോപിച്ചാണ് ഇയാൾ ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപത്തുള്ള കുഴിമന്തിക്കട ആക്രമിച്ചത്. 

 

സംഭവം സംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴയിൽ നിന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് നൽകും. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി വഴിയാണ് റിപ്പോര്‍ട്ട് നൽകുക. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ പ്രതിയായ വിവരം റിപ്പോർട്ടിലൂടെ അറിയിക്കും. കട ആക്രമിച്ച പൊലീസുകാരനെതിരെ അച്ചടക്കനടപടി ഉണ്ടാകും. ചങ്ങനാശേരിയിൽ ജോലി ചെയ്യുന്നതിനാൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് ജോസഫിനെതിരെ നടപടി എടുക്കേണ്ടത്.

കടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് കട അടിച്ചു തകർത്തു. ഉടമയെ മർദിക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളും ശീതള പാനീയങ്ങളും സൂക്ഷിച്ചിരുന്ന അലമാരകളും വെട്ടിപ്പൊളിച്ചു. ബൈക്ക് ഹോട്ടലിന് അകത്ത് കിടക്കുകയാണ്. ഏതാനും ദിവസം മുമ്പ് ഈ കടയിൽ നിന്ന് ജോസഫ് ഭക്ഷണം വാങ്ങിയിരുന്നു. ഇത് കഴിച്ച ജോസഫിൻ്റെ കുട്ടിക്ക് അസുഖം ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തി. മെഡി. കോളജ് ആശുപത്രിയിൽ ഒരു ദിവസം കഴിഞ്ഞ കുട്ടിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ജോലിക്ക് പോയി മടങ്ങിവരും വഴി കുട്ടിക്ക് വീണ്ടും അസ്വസ്ഥതയുണ്ടായെന്ന വിവരമറിഞ്ഞു. ഇതേ തുടർന്നാണ് മദ്യപിച്ച ശേഷം പ്രകോപിതനായി അക്രമം നടത്തിയതെന്നാണ് വിവരം. അക്രമം നടത്തുമ്പോൾ ജോസഫ് മദ്യ ലഹരിയിലായിരുന്നു.

ഇയാളുടെ മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്നാരോപിച്ചാണ് ആക്രമിച്ചത്

വിവരമറിഞ്ഞ് കടയ്ക്കു മുന്നിൽ ആളുകൾ തടിച്ചു കൂടി. അക്രമത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫിന് ഒരു കൂസലുമില്ലായിരുന്നു. പൊലിസുകാർ എത്തിയപ്പോഴും ഇയാളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. ജോസഫിനെ ആലപ്പുഴ സൌത്ത് പൊലിസ് കസ്റ്റഡിയിൽ എടുത്തു വൈദ്യപരിശോധന നടത്തി. 

ENGLISH SUMMARY:

KF Joseph, a policeman from Changanassery traffic station, faces charges, including attempted murder, for attacking a shop in Alappuzha following an alleged food poisoning incident involving his son.