Image∙ Shutterstock - 1

ഡൽഹിയിൽ ടെലിഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പത്ത് ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. വിപിൻ കുമാർ (30), മോഹിത് ശർമ്മ (27), സ്‌മർത്ത് ദബർ (23) എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം നേടാമെന്ന് യുവതിയെ വിശ്വസിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. 

തട്ടിപ്പിനിരയായ യുവതി ദ്വാരക സൈബർ പൊലീസ് സ്‌റ്റേഷനിൽ ഏപ്രിൽ 24 നാണ് പരാതി രജിസ്റ്റർ ചെയ്തത്. തുടർന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് സിങ്ങിന്റെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.   

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; ' മുപ്പതുകാരനായ വിപിൻ കുമാർ ആസാദ്‌പൂർ ടെർമിനലിൽ സിം കാർഡ് വിൽപനക്കാരനായി ജോലി ചെയ്യുകയായിരുന്നു. സിം കാർഡ് വിൽപനക്കിടയിലാണ് ഇയാൾ സ്‌മർത്ത് ദബാറിനെയും മോഹിത് ശർമയേയും പരിചയപ്പെട്ടത്. ആ പരിചയം വലിയ സൗഹൃ​​ദത്തിലേക്ക് വളർന്നു. ഇയാളിൽ നിന്ന് ഇരുവരും നിരവധി സിം കാർഡുകൾ വാങ്ങുകയും ചെയ്തു. തുടർന്ന് വിപിൻ കുമാറിനോട് ശർമയും ദബാറും സ്വകാര്യ ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെട്ടു. അക്കൗണ്ടെടുത്താൽ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചതോടെ വിപിൻ കുമാർ സ്വകാര്യ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതികൾ യുവതിയെ പറ്റിച്ചത്' . 

പണം തട്ടലിൽ കൂടുതർ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. 

ENGLISH SUMMARY:

Three held for duping woman of Rs 10.30 lakh in Delhi