vandiperiyar-child-case

കേരള മനസാക്ഷിയെ ഞെട്ടിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം നൽകിയ അപ്പീലിൽ ഇതുവരെ ഹൈക്കോടതി വാദം തുടങ്ങിയിട്ടില്ല. 

ഓർക്കുമ്പോഴൊക്കെയും മലയാളികളുടെ മനസിനെ കീറിമുറിക്കുകയാണ് വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി. അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തോട്ടം തൊഴിലാളികളുടെ മകൾ. അവളൊരു നോവായി മാറിയിട്ട് ഇന്ന് മൂന്ന് വർഷം. അതിക്രൂരമായി പിച്ചി ചീന്തപ്പെട്ട തങ്ങളുടെ പൊന്നോമനക്ക് മൂന്നാം ചരമ വാർഷികത്തിലും നീതി ലഭിച്ചില്ലെന്ന വിലാപത്തിലാണ് കുടുംബം. കേസിൽ പ്രതിയായിരുന്ന അയൽവാസിയായ അർജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പൊരുത്തപ്പെടാൻ ഇന്നും കുടുംബത്തിനായിട്ടില്ല 

പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ കുടുംബം ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ വിചാരണയ്ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കുമെന്നായിരുന്നു ഉറപ്പ്. ഇതിനായി സർക്കാരിന്റെ ആവശ്യപ്രകാരം മൂന്ന് പ്രോസിക്യൂട്ടർമാരുടെ പേര് നിർദ്ദേശിച്ചു. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല. കുറ്റവിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. 

അന്വേഷണത്തിലുണ്ടായ വീഴ്ചയാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് ഹൈക്കോടതിയിലെങ്കിലും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ENGLISH SUMMARY:

Today marks three years since the six-year-old girl was raped and murdered in Vandiperiyar, Idukki, shocking the conscience of Kerala