ഓല മേ‍ഞ്ഞ ചെറിയ പുരയിൽ നിന്ന് ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള മൂന്നു നില ബം​ഗ്ലാവിലേക്ക് താമസം മാറിയ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മുൻ മാനേജർ മധ ജയകുമാറിന്റെ ജീവിതകഥ ആരെയും അദ്ഭുതപ്പെടുത്തും. 26.24 കിലോ സ്വർണവുമായി കടന്നുകളഞ്ഞ മധ ജയകുമാറിനെ കർണാടക–തെലങ്കാന അതിർത്തിയിലെ ബീദർ ജില്ലയിൽനിന്നാണ് പൊലീസ് പൊക്കിയത്.  

ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മധ ജയകുമാർ ഇപ്പോൾ റിമാൻഡിലാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽനിന്ന് 17.20 കോടി രൂപയുടെ സ്വർണം മധ ജയകുമാർ കടത്തുകയും, പകരം വ്യാജസ്വർണം വയ്ക്കുകയും ചെയ്തെന്നാണ് കേസ്.

മധ കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയാണ്. നിരവധി ആഡംബര കാറുകൾ ഇയാളുടെ പേൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പലേടങ്ങളിലും ഇയാൾക്ക്  സ്ഥലവും ഫ്ലാറ്റും ഉണ്ടെന്ന് വ്യക്തമായി. സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മധ ജയകുമാറിനെ വലയിലാക്കാൻ പൊലീസ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. മധയുടെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിച്ചതിനു പുറമേ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ബ്ലോക്ക് ചെയ്തു. 

പൊലീസ് കുരുക്ക് മുറുക്കിയതോടെ, സ്വന്തം ഫോണും ആധാർ കാർഡും ഉപയോഗിക്കാൻ കഴിയാതെ വന്നു. അങ്ങനെ പുതിയ സിം കാർഡ് എടുക്കാതെ വേറെ വഴി ഇല്ലെന്നായി. തിരിച്ചറിയൽ കാർഡില്ലാതെ സിം എടുക്കാൻ കഴിയുമോ എന്നായി അടുത്ത അന്വേഷണം.  ഒരു മൊബൈൽ ഫോൺ കടയിൽ ചെന്ന് ഇക്കാര്യം തിരക്കിയതോടെ അവർക്ക് ഡൗട്ടടിച്ചു. ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് വടകരയിലെ കേസിന്റെ കാര്യം അറിഞ്ഞത്. ഇതോടെ വിവരം കേരള പൊലീസിനെ അറിയിച്ചു. ‌മേട്ടുപ്പാളയത്തുണ്ടായിരുന്ന അന്വേഷണ സംഘം ഉടൻ ബീദറിലെത്തി, മധയെ പൊക്കി. 

ENGLISH SUMMARY:

Bank Of Maharashtra Kerala Branch Scam; Madha Jayakumar life story