2019 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 621 കിലോ സ്വർണം. 293 കോടിയോളം രൂപയുടെ മൂല്യം വരുന്നതാണ് ഈ സ്വർണമെന്ന് കസ്റ്റംസ് നൽകിയ കണക്കുകളിലുണ്ട്. ഇതേ കാലയളവിൽ 1042 കിലോ സ്വർണമാണ് കരിപ്പൂരിൽ നിന്നും പിടികൂടിയത്.
2019 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിലാണ് 621.11 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടിയിട്ടുള്ളത്. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഏറ്റവുമധികം സ്വർണം പിടികൂടിയത്. 174.13 കിലോ. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെ മാത്രം 50 കിലോയിലേറെ സ്വർണം പിടികൂടി.
2019 മുതൽ പിടികൂടിയ സ്വർണത്തിന്റെ ആകെ മൂല്യം 292.75 കോടി രൂപ വരുമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ 1042 കിലോയിലെ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. 570 കോടി രൂപയിലേറെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്.
കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ വർഷവും പിടികൂടുന്ന സ്വർണത്തിൻറെ അളവ് വർധിക്കുന്നുണ്ട്. അതായത് പരിശോധന കർശനമാക്കിയിട്ടും, പിടികൂടിയിട്ടും വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നത് വർധിക്കുകയാണെന്ന് വ്യക്തം.