മധ്യപ്രദേശില്‍ മോഷണക്കുറ്റമാരോപിച്ച് മുത്തശ്ശിയെയും പേരക്കുട്ടിയായ 15കാരനെയും ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ മാസങ്ങള്‍ക്കുശേഷം നടപടിയെടുത്ത് സര്‍ക്കാര്‍. സ്റ്റേഷനകത്തെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഗത്യന്തരമില്ലാതെ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മധ്യപ്രദേശിലെ കട്നിയില്‍ ഗവണ്‍മെന്‍റ് റയില്‍വേ പൊലീസ് സ്റ്റേഷനില്‍വച്ച് മുത്തശ്ശിയെയും പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. മോഷണക്കുറ്റമാരോപിച്ചുള്ള അതിക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു. രണ്ട് പൊലീസുകാര്‍ പിടിച്ചുവച്ച് ലാത്തിക്കൊണ്ട് 15കാരനെ അതിക്രൂരമായി മര്‍ദിക്കുന്നു.
വനിതാ എസ്എച്ച്ഒയുടെ നിര്‍ദേശപ്രകാരമാണ് മര്‍ദനം. കൈക്കൂപ്പികൊണ്ട് മര്‍ദിക്കല്ലെയെന്ന് അപേക്ഷിക്കുന്ന 15കാരനെയും ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെയാണ് പുരുഷ പൊലീസുകാരെ മുറിക്ക് പുറത്തിറക്കി, വാതിലടച്ച് വനിത എസ്എച്ച്ഒ മുത്തശ്ശിയെ ലാത്തിക്ക് തലങ്ങും വിലങ്ങും അടിച്ചത്. മര്‍ദനമേറ്റ് നിലത്തുവീണിട്ടും വനിത ഉദ്യോഗസ്ഥയുടെ രോഷം അവസാനിച്ചില്ല.
വീണ്ടും മുത്തശ്ശിയെ ചവിട്ടിവീഴ്ത്തി. എന്നിട്ടും അരിശം തീരാതെ 15കാരനെയും മര്‍ദിച്ചു.
സ്റ്റേഷനകത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പ്രചരിച്ചതോടെ വലിയ രോഷമുയര്‍ന്നു. ഇതോടെ സ്റ്റേഷന്‍ ഇന്‍ ചാര്‍ജായ ഇന്‍സ്പെക്ടറെയും അഞ്ച് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിലിടപ്പെട്ട ദേശീയ വനിതാ കമ്മിഷന്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു