പരസ്പര സമ്മതത്തോടെ ഒന്നിച്ച് ജീവിക്കുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തതിനു പിന്നാലെ വഴക്കുണ്ടായപ്പോള്‍ യുവാവ് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. എന്നാല്‍ ഇരുവരും തമ്മിലുള്ള കരാര്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചപ്പോള്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നല്‍കാതെ വഴിയില്ലെന്നായി കോടതി. മുംബൈ സെഷന്‍സ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ലൈംഗിക പീഡനമുള്‍പ്പെടെ ആരോപിച്ച് കോലാബ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. കേസ് കോടതിയിലെത്തിയപ്പോള്‍ യുവാവും യുവതിയും തമ്മിലുണ്ടായിരുന്ന കരാര്‍ നിര്‍ണായകമായി. ഇരുവരും ലിവ്– ഇന്‍ റിലേഷനിലായിരുന്നു. ഇവര്‍ക്കിടയില്‍ 2024 ആഗസ്റ്റ് ഒന്നുമുതല്‍ 2025 ജൂണ്‍ മുപ്പത് വരെ, പതിനൊന്ന് മാസക്കാലത്തേക്ക് ഒരു കാരാറുണ്ടായിരുന്നു. പരസ്പര സമ്മതത്തോടെ ഇരുവരും ഇക്കാലയളവില്‍ ഒന്നിച്ചു ജീവിക്കുന്നു എന്നാണ് കരാറിലുണ്ടായിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.
എഫ്.ഐ.ആര്‍ പ്രകാരം ഇരുവരും പരസ്പര ധാരണയോടെയാണ് ഒന്നിച്ചു കഴിഞ്ഞിരുന്നത്, ബലംപ്രയോഗിച്ച് ബന്ധത്തിലകപ്പെടുത്തിയതിന്‍റെ സൂചനകള്‍ ആദ്യഘട്ടത്തിലെവിടെയുമില്ല എന്ന് കോടതി കണ്ടെത്തി. കരാര്‍ തെളിവായി സ്വീകരിച്ച് യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കരാര്‍ കെട്ടിച്ചമച്ചതാണോ എന്നതില്‍ അന്വേഷണം നടത്താനും നിര്‍ദേശം നല്‍കി.
2023 ഒക്ടോബര്‍ മുതല്‍ യുവാവും യുവതിയും തമ്മില്‍ ഒന്നിച്ചു കഴിയുകയാണെന്ന് കണ്ടെത്തി. ഇത്രയും കാലം പരാതിപ്പെടാതെ ഇപ്പോള്‍ ലൈംഗിക പീഡനം ആരോപിക്കാന്‍ കാരണമെന്താണെന്ന് അന്വേഷിച്ച് കണ്ടെത്തണം. ആരോപണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് യുവാവിനെ തടവിലാക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല, മുന്‍കൂര്‍ ജാമ്യം നല്‍കുന്നുവെന്നാണ് കോടതി പറഞ്ഞത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദേശിച്ചു.
പരാതിക്കാരി സ്ഥിരമായി ഇത്തരം പ്രശ്നങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നയാളാണ്, കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുവാവ് പിന്നീട് പ്രതികരിച്ചു. തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും എന്നാണ് കരുതുന്നത്. തന്‍റെ ഒപ്പമല്ലെന്ന് യുവതി വാദിക്കുമ്പോഴും അത് കളവാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.