ചേര്‍ത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെല്ലാം സമാനമാണ്. കുഞ്ഞിന്റെ അമ്മ 34കാരിയായ ആശയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് കേട്ടുകേള്‍വി ഇല്ലാത്ത പല കാര്യങ്ങളും പുറത്തുവരുന്നത്. പ്രസവശേഷം ആശ കുഞ്ഞിനെ കാമുകന്‍ രതീഷിനു കൈമാറുകയായിരുന്നെന്നും കൊലപ്പെടുത്തുകയായിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. എന്നാല്‍ മൊബൈല്‍ പരിശോധിച്ചതോടെയാണ് രതീഷ് മാത്രമല്ല മറ്റൊരു യുവാവ് കൂടി ആശയുടെ കാമുകനായുണ്ടെന്ന് വ്യക്തമാകുന്നത്. ഇതോടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ചും ആശയക്കുഴപ്പം ഉയരുകയാണ്.
കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ പൊലീസിനു മൊഴിനല്‍കിയതായാണ് സൂചന. കുഞ്ഞിനെ വളർത്താൻ ഇയാൾ സന്നദ്ധത അറിയിച്ചെങ്കിലും ആശ സമ്മതിച്ചില്ല. രതീഷിനെ വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറുകയായിരുന്നു. രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം രതീഷ് ആശയെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഗർഭം അലസിപ്പിക്കാൻ എന്ന പേരിലും പ്രസവസമയത്തും രതീഷിന്റെ പക്കൽ നിന്ന് ആശ രണ്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഡിഎൻഎ പരിശോധനാഫലം ആണ് ഇനി നിർണായകമാവുക.