താനെ ബദ്‌ലാപൂരില്‍ നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രതി അക്ഷയ് ഷിന്‍ഡെയെ എറ്റുമുട്ടലില്‍ വീഴ്ത്തിയത് എന്‍കൗണ്ടര്‍ വിദഗ്ധനായ സഞ്ജയ് ഷിന്‍ഡെ. പ്രതിയെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേകസംഘത്തില്‍ അംഗമായിരുന്നു മുബൈ പൊലീസിലെ ഇന്‍സ്പെക്ടര്‍ സഞ്ജയ് ഷിന്‍ഡ. അന്വേഷണസംഘത്തിന്‍റെ പിടിയിലായ പ്രതി വാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വിശദീകരണം .
ഒരുകാലത്ത്, ദാവൂദ് ഇബ്രാഹിമിന്‍റെ അധോലാക സംഘത്തെ അടിച്ചമര്‍ത്തിയ എന്‍കൗണ്ടര്‍ കിങ് പ്രദീപ് ശര്‍മയുടെ വലംകൈയായിരുന്നു സഞ്ജയ് ഷിന്‍ഡെ. പ്രദീപ് ശര്‍മ നേതൃത്വം നല്‍കിയ താനെ ആന്‍റി എക്സ്റ്റോര്‍ഷന്‍ സെല്ലിലെ അംഗം.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏറെ കണ്ട മുംബൈ നഗരം ഒരിക്കലും മറക്കാത്ത പേരാണ് പ്രദീപ് ശര്‍മയുടേത്. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ ഗ്യാംങ്ങുകള്‍ അക്ഷരാര്‍ഥത്തില്‍ വിറച്ചിട്ടുണ്ടെങ്കില്‍ അത് പ്രദീപ് ശര്‍മ എന്ന പൊലീസ് ഇന്‍പെക്ടറുടെ എന്‍കൗണ്ടര്‍ സംഘത്തിന് മുന്നിലാണ്. 312 പേരെ തൊണ്ണൂറുകളില്‍ ഈ സംഘം തോക്കിന് ഇരയാക്കിയിട്ടുണ്ടെന്നാണ് കണക്ക്.
2017ല്‍ ദാവൂദിന്‍റെ സഹോദരന്‍ ഇക്ബാല്‍ കസ്കറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ആ ടീമില്‍ സഞ്ജയ് ഉണ്ടായിരുന്നു. 2012ല്‍ കൊലപാതക കേസ് പ്രതി വിജയ് പലാണ്‍ണ്ഡെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ആരോപണ വിധേയനായി. വിജയ് രക്ഷപ്പെട്ട വാഹനത്തില്‍ നിന്ന് സഞ്ജയുടെ യൂണിഫോം കണ്ടെടുത്തതാണ് ഏറെ വിവാദമായത്. അതിന്‍റെ സസ്പെന്‍ഷനും കേസും കഴിഞ്ഞ് 2014ലാണ് വീണ്ടും സേനയിലേക്ക് തിരിച്ചെത്തിയത്.
നഴ്സറി കുട്ടികളെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഒടുവിലാണ് സഞ്ജയ് ഷിന്‍ഡെയെ ഉള്‍പ്പെടുത്തിയത്. വാനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിക്കു നേരെ സഞ്ജയ് വെടിയുതിര്‍ത്തെന്നാണ് വിശദീകരണം . വെടിവയ്പ്പില്‍ പരുക്കേറ്റ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ നിലേഷ് മോറിന് ഒപ്പം ചികില്‍സയിലുള്ള സഞ്ജയ് ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയെ. സര്‍ക്കാര്‍ പ്രതിച്ഛായ കൂട്ടാന്‍ നടത്തിയ എന്‍കൗണ്ടറാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഏതായാലും പുതിയ സംഭവം പഴയ മുംബൈ ഏറ്റുമുട്ടല്‍ വിദഗ്ധരുടെ ചരിത്രം കൂടി ഓര്‍മിപ്പിക്കുക.