മുള്ളിനെ മുള്ളുകൊണ്ടെടുക്കുക! അതാണ് കൈക്കൂലിക്കാരനായ ഇടുക്കി ഡിഎംഒയെ പൂട്ടാന്‍ വിജിലന്‍സ് തിരഞ്ഞെടുത്ത വഴി. ഗൂഗിള്‍ പേ വഴിയാണ് ഇടുക്കി ഡിഎംഒ എല്‍.മനോജ് കൈക്കൂലി വാങ്ങിയിരുന്നത്. ഫിനഫ്തലിന്‍ പുരട്ടിയ നോട്ടുകളും കൈമുക്കി നിറം മാറുന്ന വിദ്യയുമൊന്നും കൊണ്ട് ഇത്തരക്കാരെ പൂട്ടാന്‍ കഴിയില്ല. അങ്ങനെയാണ് പൊലീസ് ഡിജിറ്റല്‍ വിദ്യകള്‍ പഠിച്ചതും പ്രയോഗിച്ചതും. ഡിജിറ്റല്‍ ട്രാപ്പ് എന്നാണ് വിജിലന്‍സുകാര്‍ ഈ തന്ത്രത്തിന് നല്‍കിയ വിളിപ്പേര്.
മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡിഎംഒ മനോജ് ഹോട്ടലുടമയോട് 75000 രൂപ ചോദിച്ചു. ഫോണിലൂടെയാണ് പണം ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേ ചെയ്തശേഷം തെളിവായി സ്ക്രീന്‍ ഷോട്ട് അയച്ചുനല്‍കാനും നിര്‍ദേശിച്ചു. സംഭാഷണം ഹോട്ടലുടമ റെക്കോര്‍ഡ് ചെയ്തിരുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതിനുള്ള ഡിജിറ്റല്‍ തെളിവായി ഈ ഫോണ്‍ രേഖ. പണം കൈമാറിയശേഷം ഹോട്ടലുമട ഗൂഗിള്‍ പേ സ്ക്രീന്‍ ഷോട്ട് അയച്ചുകൊടുത്തു. അടുത്ത ഡിജിറ്റല്‍ തെളിവ് !
പണം കൈമാറിയ വിവരം ലഭിച്ചയുടന്‍ വിജിലന്‍സ് ഡിജിറ്റലായിത്തന്നെ പണം കണ്ടെത്തി. കൈക്കൂലി എത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചായിരുന്നു നടപടി. സുഹൃത്തായ ഡോക്ടറുടെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ആദ്യമായല്ല ഡിഎംഒ മനോജ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്നതെന്നും കണ്ടെത്തി. കക്ഷി അകത്താകുകയും ചെയ്തു.
സംസ്ഥാന വിജിലന്‍സിന്‍റെ മാത്രമല്ല രാജ്യത്തെയാകെ പൊലീസിന്‍റെ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളിലൊന്നാണ് ഡിജിറ്റല്‍ ട്രാപ്പ് ഉപയോഗിച്ച് കൈക്കൂലിക്കാരനെ കുടുക്കുന്നത്. ഇത്തരത്തില്‍ അകത്താകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനെന്ന ദുഷ്പ്പേരാണ് ഡിഎംഒ മനോജ് സമ്പാദിച്ചത്. മനോജിന്‍റെ മുന്‍കാല ഇടപാടുകളെക്കുറിച്ചും കൈക്കൂലി ചരിത്രത്തെക്കുറിച്ചും വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ് ഇപ്പോള്‍.