കര്‍ണാടക കുടകിലെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്തിയിന് പിന്നില്‍ മനസാക്ഷി മരവിപ്പിക്കുന്ന കൊലപാതകം . ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ ബിസിനസുകാരന്‍ രമേശിന്‍റേതാണ് മൃതദേഹമെന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി .
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭാര്യ നിഹാരിക, നിഹാരികയുടെ ആണ്‍സുഹൃത്ത് നിഖില്‍, കൂട്ടുപ്രതി അങ്കൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 8നാണ് കൊടകില്‍ സന്തികോപ്പ കാപ്പിത്തോട്ടത്തില്‍ നിന്നും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ തന്നെ സമീപറോഡിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ നിന്ന് ഒരു ചുവന്ന മെര്‍സിഡസ് ബെന്‍സ് കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. രമേഷ് എന്നയാളുടെ പേരിലുള്ളതായിരുന്നു ആ കാര്‍. രമേശിനെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യ അടുത്ത കാലത്ത് ഒരു കേസ് ഫയല്‍ ചെയ്തതായും പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം രമേശിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത് . രമേശ് കൊലചെയ്യപ്പെട്ടാണെന്നും ഭാര്യ നിഹാരിക (29) , അവരുടെ സഹൃത്തും മൃഗഡോക്ടറുമായ നിഖില്‍ , ഇവരുമയി ബന്ധമുള്ള അങ്കുര്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കുള്ളതായും ബോധ്യപ്പെട്ടു. 16ാം വയസില്‍ അച്ഛന്‍ മരിച്ച നിഹാരികയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ നിഹാരികയ്ക്ക് ജീവിതം വഴിമുട്ടി . തുടര്‍ന്ന് അവര്‍ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായ ഉടന്‍ അവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു. ഈ സമയം നിഹാരിക ഒരു വഞ്ചനാകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞു . അവിടെ വച്ചാണ് അങ്കുറുമായി നിഹാരിക പരിചയത്തിലാകുന്നത് .
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് രമേഷുമായുള്ള നിഹാരികയുടെ വിവാഹം നടന്നത്. തീര്‍ത്തും ആര്‍ഭാടപൂര്‍വമായ ജീവിതമായിരുന്നു വ്യവസായിയായ രമേഷിനൊപ്പം അവര്‍ നയിച്ചുവന്നത്. ഇടയ്ക്കൊരു ദിവസം നിഹാരിക രമേഷിനോട് 8 കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രവലിയൊരു തുക കാരണമില്ലാതെ നല്‍കാന്‍ രമേശ് തയ്യാറായില്ല. തുടര്‍ന്ന് തന്‍റെ സുഹൃത്ത് നിഖിലിനെയും അങ്കുറിനെയും കൂട്ടി രമേശിനെ കൊലപ്പെടുത്താന്‍ നിഹാരിക പദ്ധതിയിട്ടു.
ഒക്ടോബര്‍ 1ന് ഹൈദരാബാദില്‍വച്ച് സംഘം രമേഷിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നും 800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മൃതദേഹം കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചത്. കമ്പിളി ഉപയോഗിച്ച് പൊതിഞ്ഞ മൃതദേഹം കാപ്പിത്തോട്ടത്തിലിട്ട് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദില്‍ മടങ്ങിയെത്തിയശേഷമാണ് ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൊലീസിനു പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പ്രതികള്‍ നശിപ്പിച്ചിരുന്നു. കേസ് അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് കൊടക് പൊലീസ് മേധാവി രാമരാജന്‍ പറഞ്ഞു.
രാത്രി 12നും രണ്ടിനുമിടയിലാണ് കാര്‍ ആ വഴി വന്നതായി സിസിടിവിയില്‍ പതിഞ്ഞത്. എന്നാല്‍ ഇരുട്ടായതിനാല്‍ തന്നെ ഒട്ടും വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീട് 500ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികള്‍ ഇവരാണെന്ന് ഉറപ്പിച്ചത്. ഇതിനു ശേഷമാണ് മൂന്നു പ്രതികളെയും പിടികൂടിയത്.