തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയ കുറ്റവാളി പിടിയിലായി. സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന 33കാരനായ രാജ്കുമാര് ആണ് പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടോടുന്നതിനിടെ പാലത്തിനു മുകളില്‍ നിന്നും ചാടിയ രാജ് കുമാറിന്റെ ഒരു കാല് ഒടിഞ്ഞ അവസ്ഥയിലാണ് പൊലീസ് പിടികൂടിയത്.
നാടിനെ സ്ഥിരം ഭീതിയിലാക്കിയ കുറ്റവാളിയാണ് രാജ്കുമാര്. സ്ത്രീകളായിരുന്നു ഇരകള്‍. കാലിമേയ്ക്കാനും മറ്റും ഒറ്റക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ ആക്രമിച്ചത്. ലൈംഗിക അതിക്രമത്തിനു പുറമേ ഇയാള്‍ ആഭരണങ്ങളടക്കം കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ പരാതികള്‍ വന്നതോടെ പൊലീസ് നാട്ടിലെ യുവാക്കളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ നവംബര്‍ മൂന്നിനായിരുന്നു ഇയാള്‍ ഒരു സ്ത്രീയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്.
കീലപൂങ്ങുടി സ്വദേശിയാണ് രാജ്കുമാര്. ഇയാള്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്തെ വനപ്രദേശങ്ങളില്‍ പൊലീസ് തിരച്ചില്‍ പതിവാക്കിയിരുന്നു . വനത്തില്‍ തിരച്ചിലിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പാലത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടിയത്. ചാട്ടത്തിനിടെ കാലൊടിഞ്ഞ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
സമാനമായ സംഭവം ട്രിച്ചിയിലും നടന്നു. 45കാരിയായ നഴ്സിനെ 25കാരന് ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് ആരുമില്ലാത്ത ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ ആക്രമണം നടത്തിയത്. പരുക്കേറ്റ നഴ്സ് മഹാത്മാഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.