ഡല്‍ഹിയില്‍ ക്രിമിനലുകള്‍ക്ക് ആയുധം സപ്ലൈ ചെയ്യുന്ന പതിനെട്ടംഗസംഘം പിടിയില്‍. ‘ഓപ്പറേഷന്‍ ഈഗിള്‍’ എന്ന പേരില്‍ ഡല്‍ഹി പൊലീസ് അതീവരഹസ്യമായി നടത്തിയ നീക്കത്തിലാണ് വന്‍സംഘം കുടുങ്ങിയത്. ഒരുതരത്തിലും സംശയിക്കാന്‍ കഴിയാത്ത വിധമായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. പിടിയിലായ എല്ലാവരും മറ്റ് ജോലികള്‍ ചെയ്യുന്നവര്‍. ഒരാള്‍ നക്ഷത്രഹോട്ടലില്‍ ക്ലീനിങ് ജോലിക്കാരന്‍, മറ്റൊരാള്‍ നിര്‍മാണത്തൊഴിലാളി, വേറൊരാള്‍ പെയിന്‍റിങ് ജോലിക്കാരന്‍...അങ്ങനെ പലതരം ജോലികള്‍. ഇവരുടെ രഹസ്യജീവിതത്തെക്കുറിച്ച് ഒപ്പമുള്ളവര്‍ക്കുപോലും ഒരു തുമ്പും ഉണ്ടായിരുന്നില്ല.
അര്‍ഷാദ്, മുഹമ്മദ് സുലൈമാന്‍ എന്നീ രണ്ട് മോഷ്ടാക്കള്‍ നോയിഡയില്‍ മോഷണം നടത്താന്‍ പദ്ധതിയിടുന്നു എന്ന് പൊലീസിന് ലഭിച്ച വിവരമാണ് ‘ഓപ്പറേഷന്‍ ഈഗിളി’ന്‍റെ തുടക്കം. ഇവരുടെ കയ്യില്‍ അനധികൃത ആയുധങ്ങളുണ്ടെന്നും പൊലീസിന് വിവരം നല്‍കിയ ആള്‍ അറിയിച്ചു. എ.സി.പി അരവിന്ദിന്‍റെ നേതൃത്വത്തില്‍ മഹേഷ് ത്യാഗി, റോബിന്‍ ത്യാഗി എന്നീ ഇന്‍സ്പെക്ടര്‍മാരും ഏതാനും പൊലീസുകാരും ഇവരെത്തേടി ഗാസിപ്പൂര്‍ പേപ്പര്‍ മാര്‍ക്കറ്റിലെത്തി. അര്‍ഷാദും സുലൈമാനും പൊലീസിനുനേരെ തോക്കുചൂണ്ടിയതോടെ രംഗം വഷളായി. സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് ഇരുവരെയും കീഴ്പ്പെടുത്തി.
അര്‍ഷാദും സുലൈമാനും സഞ്ചരിച്ച കാറില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കത്തിയുമെല്ലാം കണ്ടെടുത്തു. വാഹനവും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇരുവരെയും വിശദമായി ചോദ്യംചെയ്തു. അപ്പോഴാണ് ഡല്‍ഹിയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആയുധങ്ങളെത്തിക്കുന്ന ശൃംഖലയുടെ സൂചനകള്‍ ലഭിച്ചത്. ഇത് പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലുകളില്‍ ഒന്നും രണ്ടുമല്ല 18 പേര്‍ – ഏറെയും യുവാക്കള്‍ – പിടിയിലായി. ഡല്‍ഹി, ഗാസിയാബാദ്, ഭാഗ്പത് എന്നിവിടങ്ങളില്‍ സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അറസ്റ്റ് പിടിയിലായത്. ഇവരുടെ ഇരട്ട ജീവിതം പൊലീസിനെപ്പോലും അല്‍ഭുതപ്പെടുത്തി.
പിടിയിലായ ഇരുപത്തഞ്ചുകാരന്‍ അര്‍ജുന്‍ ഒരു പ്രമുഖ ഹോട്ടലില്‍ തൂപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. 23കാരന്‍ അജയ്ക്ക് ഹെയര്‍ കട്ടിങ് സലൂണിലായിരുന്നു ജോലി. സെയില്‍സ്മാന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ബിഎ വിദ്യാര്‍ഥി, കര്‍ഷകന്‍ എന്നുവേണ്ട ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരട്ടമുഖമുള്ളവരാണ് പിടിയിലായ എല്ലാവരും. ആയുധക്കടത്ത് സംഘത്തിന്‍റെ തലവന് 33 വയസുമാത്രം. മദന്‍ ഗാങ് എന്ന കുപ്രസിദ്ധസംഘത്തിന്‍റെ നേതാവാണ് മദന്‍ എന്ന ഈ യുവാവ്. യുപിയിലെ ഗാസിയാബാദ് സ്വദേശി. കൊലപാതകമടക്കം 12 ക്രിമിനല്‍ കേസുകളില്‍ പ്രതി. മറ്റുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലവും ഒട്ടും ചെറുതല്ല.
ത്രിതല സംവിധാനമാണ് ആയുധവിതരണത്തിന്. ഏറ്റവും മുകളില്‍ മദനും മറ്റ് ചിലരും. അവര്‍ ആയുധനിര്‍മാതാക്കളില്‍ നിന്ന് ആയുധം സംഭരിച്ച് ഇടത്തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് നല്‍കും. അവര്‍ ക്രിമിനല്‍ സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരെ ഉപയോഗിച്ച് ആയുധം വില്‍ക്കും. എളുപ്പത്തില്‍ പണമുണ്ടാക്കല്‍ തന്നെയാണ് എല്ലാ യുവാക്കളെയും സംഘത്തിലേക്ക് പ്രേരിപ്പിച്ച ഘടകം. ആയുധങ്ങള്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള രഹസ്യകേന്ദ്രങ്ങളിലാണ് ഒളിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയായിരുന്നു കമ്യൂണിക്കേഷനും കച്ചവടവും. ഇടപാട് ഉറപ്പിച്ചുകഴിഞ്ഞാല്‍ രഹസ്യകേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്ന് സാധനം കൈമാറി മടക്കം. ആയുധം കൊണ്ടുപോകാന്‍ മോഷ്ടിച്ച വാഹനങ്ങള്‍ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത് എന്നതും പൊലീസിനെ വെട്ടിക്കാന്‍ സഹായിച്ചു.
സംഘത്തലവന്‍ മദന്‍ മറ്റൊരു കേസില്‍പ്പെട്ട് ജയിലിലായിരുന്നു. ‘ഓപ്പറേഷന്‍ ഈഗിള്‍’ നയിച്ച പൊലീസ് സംഘം യുപിയിലെ ദസ്ന ജയിലിലെത്തി മദന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഡല്‍ഹി പൊലീസിന്‍റെ ചരിത്രത്തിലെ തന്നെ സവിശേഷമായ ഓപ്പറേഷനായിരുന്നു ഇത്. ഡല്‍ഹി, ഗാസിയാബാദ് മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംസ്ഥാനാന്തര ആയുധക്കടത്തിന് വന്‍ തിരിച്ചടിയാണ് ഓപ്പറേഷന്‍ ഈഗിളിന്‍റെ വിജയമെന്ന് അഡീഷണല്‍ കമ്മിഷണര്‍ ഓഫ് പൊലീസ് സഞ്ജയ് ഭാട്ടിയയും ഡിസിപി ക്രൈം ബിഷം സിങ്ങും പറഞ്ഞു. ആയുധനിര്‍മാതാക്കളെയും അവരുടെ പിന്നിലുള്ളവരെയും കണ്ടെത്തലാണ് ഇനിയുള്ള വെല്ലുവിളി.