പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണവും പണവും മോഷ്ടിച്ച കേസിൽ ഹോം നഴ്സ് പിടിയിൽ. തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റാമം ഷഹാന മൻസിലിൽ റംഷാദിനെയാണ് (23) എളമക്കര പൊലീസ് പിടികൂടിയത്. എറണാകുളം കലൂർ ദേശാഭിമാനി റോഡിലെ വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണവും 7500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
വീട്ടിൽ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കാനായാണ് റംഷാദെത്തിയത്. അതിനിടെ മോഷണം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം 7 പവൻ സ്വർണാഭരണവും പണവും കാണാതായതിനെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്.
ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 2 പവന്റെ കൈചെയിൻ കണ്ടെത്തി. ബാക്കി സ്വർണം വിൽക്കാനായി കൂട്ടുകാരന് നൽകിയെന്നാണ് പ്രതി പറയുന്നത്. കൂട്ടുകാരനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വൃക്കരോഗത്തെ തുടർന്ന് ഒരു മാസത്തോളമായി അബ്ദുൾ നാസർ മഅ്ദനി എറണാകുളം മെഡിക്കൽ ട്രസ്റ്റ്ആശുപത്രിയിൽ ചികിത്സയിലാണ്.