ഛത്തീസ്ഗഢിലെ മുസ്​ലിം പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് മുന്നോടിയായി ഇമാമുമാരും ഉസ്താദുമാരും നടത്തുന്ന പ്രസംഗത്തിന് മുൻകുർ അനുമതി വേണമെന്ന് വഖഫ് ബോർഡ്. വെള്ളിയാഴ്ചകളിൽ പള്ളികളിലെ പ്രസം​ഗത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ നിരീക്ഷിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും ഛത്തീസ്ഗഢ്. 22-ാം തീയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 

ഛത്തീസ്ഗഡിലെ എല്ലാ പള്ളികളും സംസ്ഥാന വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിലാണ്. ഈ ഉത്തരവ് വാട്ട്സാപ്പിലൂടെ എല്ലാ പള്ളികൾക്കും നൽകിയിട്ടുണ്ടെന്ന് വഖഫ് ബോർഡിൻ്റെ ചെയർമാനും ബിജെപി ന്യൂനപക്ഷ സെൽ മേധാവിയുമായ സലിംരാജ് അറിയിച്ചു. സംസ്ഥാനത്തെ 3800 പള്ളികൾക്ക് ഈ നിർദേശം അടങ്ങിയ കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുമുഅ നമസ്‌കാരത്തിന് മുമ്പ് പള്ളികളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്ക് ആദ്യം വഖഫ് ബോർഡിൻ്റെ അംഗീകാരം ലഭിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. വഖഫ് ബോർഡ് സംസ്ഥാനത്തെ എല്ലാ പള്ളികളുടെയും മേധാവികളെ ഉൾപ്പെടുത്തി ഒരു 'വാട്ട്‌സ്ആപ്പ്' ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ, എല്ലാ ഇമാമുമാരും വെള്ളിയാഴ്ച നമസ്കാരത്തിന് മുന്നോടിയായി നടത്താൻ ഉദ്ദേശിക്കുന്ന പ്രസംഗത്തിൻ്റെ വിഷയം മുൻകൂട്ടി അറിയിക്കണം. 

വഖഫ് ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥൻ പ്രസം​ഗത്തിന്റെ വിഷയം പരിശോധിക്കും. അദ്ദേഹത്തിൻ്റെ അനുമതിക്ക് ശേഷം മാത്രമേ ഇമാമിന് പള്ളികളിൽ ഈ വിഷയത്തെപ്പറ്റി പ്രസംഗിക്കാൻ കഴിയൂ. നഗരത്തിലെ പ്രധാന മസ്ജിദ് കമ്മിറ്റികൾക്കിടയിൽ ഇതിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്രസകളുടെയും പള്ളികളുടെയും കാര്യങ്ങളിൽ വഖഫ് ബോർഡുകളുടെ ഇടപെടൽ അനുചിതമാണെന്ന് സിറ്റി-കാസി മുഹമ്മദ് അലി ഫാറൂഖി പറഞ്ഞു. വഖഫ് ബോർഡിൻ്റെ ഉത്തരവുകൾ സ്വീകരിക്കണോ നിരസിക്കണോ എന്നത് പള്ളി കമ്മിറ്റികളുടെ പ്രത്യേക അധികാരമാണ്. 

പള്ളികളിലെ ചില പ്രസംഗങ്ങൾ പ്രകോപനപരമാണെന്നാണ് വഖഫ് ബോർഡിൻ്റെ ചെയർമാൻ വാ​ദിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ കവർധയിൽ സംഘർഷം നടന്നിരുന്നു. വഖഫ് ബോർഡിൻ്റെ ഉത്തരവ് ലംഘിച്ചാൽ മസ്ജിദ് മാനേജർമാർക്കും ഇമാമുമാർക്കുമെതിരെ  കേസെടുക്കാൻ നിയമപ്രകാരം വഖഫ് ബോർഡിന് അധികാരമുണ്ട്. 

ENGLISH SUMMARY:

chhattisgarh: Waqf Board Mandates Prior Approval For Mosque For Taqreer