മുടിയൊക്കെ നന്നായി കട്ട് ചെയ്ത്, താടി ഷേപ്പ് ചെയ്ത്, കൈയിൽ ടാറ്റൂവൊക്കെയുള്ള ഒരു മലയാളി ഫ്രീക്കനാണിത്. പേര് സജീവ്.. ജോലി മോഷണം.. സ്ഥിരമായി പറ്റിക്കപ്പെടുന്നത് തമിഴ് സ്ത്രീകളും.. 

ആദ്യം പാവപ്പെട്ട തമിഴ് സ്ത്രീകളെ ഉന്നമിടും. ശേഷം ഭേദപ്പെട്ട ശമ്പളം കിട്ടുന്ന ജോലിയുണ്ട് എന്ന് പറഞ്ഞ് അവരെ പാട്ടിലാക്കും. ജോലിക്കായി കാറിൽ കയറ്റി കൊണ്ടുപോകും. യാത്രാമധ്യേ മൂവാറ്റുപുഴ ഭാഗത്ത് എത്തുമ്പോൾ കാറ് വിജനമായ സ്ഥലത്തേക്ക് നീങ്ങും. പിന്നീടാണ്  ഈ ഫ്രീക്കന്റെ തനിരൂപം ഈ സ്ത്രീകൾ കാണുന്നത്. 

അല്പം മുമ്പുവരെ വളരെ സ്നേഹത്തോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പയ്യൻ ഒറ്റനിമിഷം കൊണ്ട് കലിപ്പനായിരിക്കുന്നു. കാറിൽ നിന്നിറങ്ങാനാണ് തമിഴ് സ്ത്രീകളോടുള്ള ആദ്യ നിർദേശം. ഒച്ച വെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി, ദേഹത്തുള്ള മാലയും കമ്മലും വളയും ഊരാൻ അടുത്ത നിർദേശം. പ്രാണഭയത്താൽ വിറച്ച് നിൽക്കുന്ന സ്ത്രീകൾ ദേഹത്തുള്ള ആഭരണവും കൈയിലുള്ള പണവും നൽകും.. എല്ലാം കൈക്കലാക്കിയ ശേഷം ഇവരുടെ ഫോൺ വാങ്ങി പോക്കറ്റിലിടും. 

തമിഴ്സ്ത്രീകളെ കയറ്റിക്കൊണ്ടുപോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് എറണാകുളം സെൻട്രൽ പൊലീസ് ആദ്യം പരിശോധിച്ചത്. കലൂരിൽ നിന്നും റെന്റിനെടുത്ത കാറാണിത്. പ്രതി ഇപ്പോൾ എവിടെയാണെന്ന് അറിയാനായിരുന്നു പൊലീസിന്റെ അടുത്ത നീക്കം. സജീവ് വാടകയ്ക്ക് എടുത്ത ഒരു കാറിൽ എഡ്വിൻ ഷാജി എന്നയാളുടെ അഡ്രസും ലൈസൻസും ഉപയോഗിച്ച് ചെന്നൈയിൽ ഓലെ ഓൺലൈൻ ടാക്സി ഓടുകയാണ്. കക്ഷി ആരാ മോനെന്നറിയാതെ, ഇവന്റെ വാഹനത്തിൽ രാത്രികാലത്ത് കയറുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?.. 

ഇവൻ ചെന്നൈയിൽ നിന്നും തൃശ്ശൂരിൽ എത്തിയതായി വിവരം ലഭിച്ച പൊലീസ് സമയം പാഴാക്കാതെ പാഞ്ഞെത്തിയാണ് കക്ഷിയെ പൊക്കിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർ അനൂപ്, സി.പി.ഒ.മാരായ ഉണ്ണികൃഷ്ണൻ,ശിഹാബ്, ഹരീഷ് ബാബു എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടിയത്.  

ENGLISH SUMMARY:

Malayali arrested for stealing jewelery and phone of Tamil women