മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വീട്ടില്‍ പോകുന്നതിന് പകരം ജയിലില്‍ പോകാം. തൃശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചു പേരുടെ ജീവനെടുത്ത സംഭവം നല്‍കുന്ന മുന്നറിയിപ്പ് അതാണ്. മനപൂര്‍വമായ നരഹത്യ, പരുക്കന്‍ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റം ഗൗരവമുള്ളതാണ്.
മദ്യപിച്ച ശേഷം വണ്ടിയോടിക്കുന്നവര്‍ അപകടമുണ്ടാക്കി ആരെങ്കിലും മരിച്ചാല്‍ ജാമ്യം കിട്ടില്ല. മാത്രവുമല്ല, തെളിവുകള്‍ ഹാജരാക്കി കുറ്റം തെളിയിച്ചാല്‍ ശിക്ഷ പത്തുവര്‍ഷമാണ്. പഴയ പോലെയല്ല ഗതാഗത നിയമങ്ങള്‍. പരുക്കന്‍ ഡ്രൈവിങ്ങിനുമുണ്ട് കടുത്ത ശിക്ഷ.
തളിപറമ്പ് ടു നാട്ടിക
തളിപറമ്പില്‍ നിന്നാണ് തടി കയറ്റി കണ്ണൂര്‍ ആലക്കോട് സ്വദേശി ജോസ് ലോറിയെടുത്തത്. സഹായിയായി, ആലക്കോട് സ്വദേശി അലക്സും കൂടെയുണ്ടായിരുന്നു. ലോറി മാഹിയില്‍ എത്തിയപ്പോള്‍ മദ്യം വാങ്ങി. വടകരയില്‍ ലോറി പാര്‍ക് ചെയ്ത ശേഷം ഇരുവരും മദ്യപിച്ചു.
Also Read: ഉറ്റവരെ നഷ്ടപ്പെട്ട നോവില്‍ പ്രിയപ്പെട്ടവര്‍; മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീര്‍ക്കാഴ്ചകള്‍
ഭക്ഷണം പോലും കഴിക്കാതെയായിരുന്നു മദ്യപാനം. പിന്നെ, വഴിനീളെ പലപ്പോഴായി മദ്യപിച്ചു. പൊന്നാനിയില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ജോസിന് വണ്ടിയോടിക്കാന്‍ ക്ഷീണം. ലൈസന്‍സില്ലാത്ത സഹായി അലക്സിന് സ്റ്റിയറിങ് കൈമാറി. പൊന്നാനിയില്‍ നിന്ന് അപകടമുണ്ടായ നാട്ടിക വരെ വണ്ടിയോടിച്ചത് അലക്സായിരുന്നു.
ബാരിക്കേഡ് കണ്ടില്ല
ലോറിയുടെ വേഗത അറുപതു കിലോമീറ്ററില്‍ കൂടുതല്‍ പോകില്ല. പുതിയ മോഡലായതിനാല്‍ സെന്‍സറുണ്ട്. അപകടമുണ്ടായ നാട്ടിക ജെ.കെ.തിയറ്ററിനു സമീപം വലിയ ബാരിക്കേഡുകള്‍ നടുറോഡില്‍ സ്ഥാപിച്ചിട്ടുണ്ട്.
അകലെ നിന്ന് ശ്രദ്ധിച്ചാല്‍ മാത്രമേ ഈ ബാരിക്കേഡുകള്‍ എത്തുമ്പോഴേക്കും ബ്രേയ്ക്ക് ചെയ്ത് വണ്ടി തിരിക്കാന്‍ കഴിയൂ. മദ്യലഹരിയില്‍ വളരെ കൂളായി ലോറി ഓടിച്ചു വന്നപ്പോള്‍ അലക്സ് ഈ ബാരിക്കേഡുകള്‍ കണ്ടത് തൊട്ടുമുമ്പില്‍ എത്തിയപ്പോഴാണ്.
Also Read: ‘കാലിലൂടെ കയറിയിറങ്ങി ലോറി, റോഡില്‍ നിന്ന് വാരിയെടുത്തു’; ദൃക്സാക്ഷി
ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ പലയിടത്തും ദിശാബോര്‍ഡുകളുണ്ട്. വേഗത എഴുതിയിട്ടുണ്ട്. പക്ഷേ, അതൊന്നും അലക്സ് ശ്രദ്ധിച്ചിട്ടില്ല. ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് വണ്ടി നേരെ നാടോടി സംഘത്തിന്‍റെ ഇടയിലേയ്ക്കു പാഞ്ഞു കയറി.
ആളുകളുടെ ദേഹത്തുകൂടെ ലോറി കയറിയെന്ന് മനസിലായപ്പോള്‍ വണ്ടി മുന്നോട്ടെടുത്തു. മുന്നില്‍ മണ്‍കൂന. തൊട്ടടുത്തെ സര്‍വീസ് റോഡില്‍ കയറി രക്ഷപ്പെടാനായി അടുത്ത ശ്രമം. പക്ഷേ, ആ വഴി ഡെഡ് എന്‍ഡ് ആയിരുന്നു.
യുവാക്കള്‍ പാഞ്ഞെത്തി
തൃപ്രയാര്‍ ഏകാദശി ആയതിനാല്‍ ഈ പരിസരത്ത് ആളുകളുടെ സാന്നിധ്യം പതിവില്‍ കൂടുതലായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇരുചക്ര വാഹനത്തില്‍ ലോറിക്കു പിന്നാലെ പാഞ്ഞു. ലോറി നിര്‍ത്തി ജീവനക്കാര്‍ അപ്പോള്‍ പുറത്തിറങ്ങി ഇരിക്കുകയായിരുന്നു.
മദ്യലഹരിയില്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. യുവാക്കള്‍ ഇവരെ പൊലീസിന് കൈമാറി. ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയുടെ ചില്ല് പൊട്ടിച്ചു. അത്രയെങ്കിലും പ്രതിഷേധം വേണ്ടേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Also Read: ലോറിയുടെ പേര് ബിഗ് ഷോ; മദ്യലഹരിയില്‍ ക്ലീനറുടെ മരണപ്പാച്ചില്‍; പൊലിഞ്ഞത് ഉറങ്ങി കിടന്ന ജീവനുകള്‍
ലൈസന്‍സെടുക്കാന്‍ താല്‍പര്യമില്ല
അറസ്റ്റിലായ കണ്ണൂര്‍ ആലക്കോട് സ്വദേശി അലക്സിനോട് പൊലീസ് ചോദിച്ചു. എന്താണ് ലൈസന്‍സ് എടുക്കാത്തത്?. മദ്യത്തിന്‍റെ കെട്ടുവിടാത്തതു കൊണ്ടാകണം, കൂളായ മറുപടി, ‘താല്‍പര്യമില്ല’. അവിവാഹിതനാണ് അലക്സ്. മുഖ്യഡ്രൈവര്‍ ജോസ് നേരത്തെ ബസാണ് ഓടിച്ചിരുന്നത്. 2008 മുതല്‍ ലോറി ഡ്രൈവറായി.
തടി കയറ്റി പെരുമ്പാവൂരിലേക്കാണ് സ്ഥിരമായ ഓട്ടം. ലൈസന്‍സില്ലാത്ത ആള്‍ക്ക് വണ്ടിയോടിക്കാന്‍ കൊടുത്തതിന് ജോസിന് വേറെയും കിട്ടും ശിക്ഷ. ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പമാണ് ജോസിന്റെ താമസം. ലോറിയുടെ മുന്‍വശത്തു നിന്ന് ശരീരാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ തെളിവായി ശേഖരിച്ചു. ഇതിനു പുറമെ, അപകടത്തിന് ദൃക്സാക്ഷികളുമുണ്ട്. ശിക്ഷ ഉറപ്പാണ്.