ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യവസായിയെ കൊലപ്പെടുത്തി പണം കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് 42 കാരനായ മന്ത്രവാദിയെ പൊലീസ് പിടികൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് പിന്നാലെ തെളിഞ്ഞതാകട്ടെ നാടിനെ നടുക്കിയ കൊലപാതക പരമ്പരയും. ഇതിനകം മൂന്ന് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറാണ് പിടിയിലായ മന്ത്രവാദി എന്നാണ് പൊലീസ് പറയുന്നത്. 2023-ൽ സുരേന്ദ്രനഗറിലെ ഒരു കുടുംബത്തിലെ മൂന്നുപേരെയും 2021-ൽ നഗരത്തില്‍ താമസിക്കുന്നയാളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണിയാള്‍.
നഗരത്തിലെ വെജൽപൂർ പൊലീസ് ചൗക്കിന് സമീപം അക്ഷർധാം സൊസൈറ്റിയിൽ താമസിച്ചിരുന്ന വാധ്‌വാൻ സ്വദേശി നവൽസിൻഹ് ചാവ്ദയാണ് പൊലീസ് പിടിയിലായത്. 29 കാരനായ വ്യവസായി അഭിജിത്ത് സിൻഹ് രാജ്പുത്തിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് പിടിയിലായത്. ചാവ്ദയെ അറിയാവുന്ന അഭിജിത്തിന്‍റെ ബന്ധുവാണ് പ്രതിയുടെ പദ്ധതി തകര്‍ത്ത് ഇയാളെ നിയമത്തിന് മുന്നിലെത്തിച്ചത്. പണം ഇരട്ടിപ്പിക്കാന്‍ പൂജ നടത്താമെന്ന് പറഞ്ഞിട്ടാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പണവുമായെത്തുന്ന ആളുകളെ വിഷം നല്‍കി കൊലപ്പെടുത്തി പണം സ്വന്തമാക്കുന്നതാണ് രീതി. മന്ത്രവാദത്തിനിടയില്‍ ഇരകൾക്ക് പ്രസാദമായി വെള്ളത്തില്‍ കലര്‍ത്തിയ പൊടി ഇയാള്‍ നല്‍കും. ഒന്നുകിൽ ഇത് ഹൃദയാഘാതത്തിന് കാരണമാകും അല്ലെങ്കില്‍ ഇരയെ അബോധാവസ്ഥയിലാക്കും. പണം നാലിരട്ടിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് അഭിജിത്തിനെയും ഇയാള്‍ പൂജയ്ക്കായി വിളിക്കുകയായിരുന്നു. വിഷം നല്‍കി പണം തട്ടാനായിരുന്നു പ്രതിയുടെ ലക്ഷ്യം.
പ്രതി കുടുങ്ങിയതിങ്ങനെ...
2021 ഓഗസ്റ്റ് 23ന് കമോദ് ഗ്രാമത്തിൽ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. നിക്കോൾ സ്വദേശിയായ വിവേക് ഗോഹിലാണ് മരിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് മരണ കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ യുവാവിന്‍റെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല, ബൈക്കിനും കേടുപാടുകളില്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ തന്‍റെ അടുത്ത സുഹൃത്തായ നവൽസിങിന് പങ്കുണ്ടെന്ന് വിവേകിന്‍റെ സഹോദരൻ ജിഗർ അന്ന് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ജിഗറും നവല്‍സിങ്ങും പങ്കാളിയായി ഒരു ടാക്സി സര്‍വീസ് നടത്തിയിരുന്നു.
പെട്ടെന്ന് സമ്പന്നനാകാനുള്ള തന്‍റെ പദ്ധതികൾ ജിഗാറുമായി നവല്‍സിങ് പങ്കുവച്ചിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു അഭിജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമം. ഇതിനായുള്ള പദ്ധതിയും ഇയാള്‍ ജിഗാറിന് വിശദീകരിച്ചു നല്‍കി. കൊലപാതകത്തിന് ശേഷം ലഭിക്കുന്ന തുകയുടെ 25% നവല്‍സിങ് ജിഗാറിന് വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു. എന്നാല്‍ നവല്‍സിങുമായുള്ള മുഴുവന്‍ സംസാരവും ജിഗര്‍ തന്‍റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. മുമത്പുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് നവല്‍സിങ് അഭിജിത്തിനെ ക്ഷണിച്ചതിനു പിന്നാലെ ജിഗർ പൊലീസിനെ വിവരമറിയിച്ചു. സർഖേജ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി നവല്‍സിങിനെ പിടികൂടി.
2023ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ഇയാളെ പൊലീസ് നേരെത്തെ സംശയിച്ചിരുന്നു. ദിപേഷ് പട്ടാഡിയ, ഭാര്യ പരുൾ, അവരുടെ 19 കാരിയായ മകൾ ഉത്സവി എന്നിവരെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ചെന്നാണ് കേസ്. കൂട്ട ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഈ കുടുംബത്തിനും നവല്‍സിങുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അവസാനമായി ഫോണില്‍ വിളിച്ചതും പ്രതിയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്ന് സുരേന്ദ്രനഗർ പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കേസ് എവിടെയുമെത്തിയില്ല. രണ്ട് കേസുകളും വീണ്ടും തുറക്കാനൊരുങ്ങുകയാണ് പൊലീസ്.
പ്രതി മന്ത്രവാദത്തിന്‍റെ ഭാഗമായി നരബലിയിൽ ഏർപ്പെട്ടിരിന്നോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ വാഹനത്തില്‍ നിന്ന് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും വെള്ളപ്പൊടിയും കണ്ടെടുത്തു. പ്രതികൾ മന്ത്രവാദം നടത്തുന്ന വിഡിയോ യൂട്യൂബില്‍ നിന്നു ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തെ റിമാൻഡ് ചെയ്തു.