Shafi parambil with Facebook post about road accidents - 1

ഭാരത് ജോഡോ യാത്രയുടെ സമാപന പ്രസംഗത്തിൽ രാഹുൽ ഗാന്ധി കേരളത്തിലെ വാഹനാപകടങ്ങളെപ്പറ്റി പറഞ്ഞ കാര്യം വിശദീകരിച്ചുകൊണ്ട്, ഫെയ്സ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. കേരളത്തില്‍ ഏതാനും ദിവസത്തിനിടെ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ പശ്ചാത്തലത്തിലാണ് എഫ്ബി പോസ്റ്റ്. അഞ്ച് ദിവസം കൊണ്ട് രാഹുൽ ഗാന്ധിക്ക് മനസ്സിലായത് നമുക്ക് വർഷങ്ങളെടുത്തിട്ടും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.  

ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കേരളത്തിലേക്ക് കടന്ന് നാല് അഞ്ച് ദിവസം കഴിഞ്ഞപ്പോൾ കൊല്ലത്ത് വച്ചാണെന്ന് തോന്നുന്നു, സമാപന പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. "യാത്ര കടന്ന് വരുമ്പോൾ ഓരോ അഞ്ച് മിനിറ്റിലും ഒരു ആംബുലൻസ് വച്ച് കടന്നു വരുന്നുണ്ട്. ഞാൻ കൂടെ ഉള്ള നേതാക്കന്മാരോട് ചോദിച്ചു എന്താണ് ഇത്ര അധികം ആംബുലൻസുകൾ ഇങ്ങനെ പോവുന്നത് എന്ന്. അവർ പറഞ്ഞു കൂടുതലും വാഹനാപകടത്തിൽ പെട്ടവരെ കൊണ്ട് പോവുന്നതാണ്. പിന്നീട് രണ്ട് ദിവസം ഞാൻ നടക്കുമ്പോൾ എന്ത് കൊണ്ടാണ് ഇത്ര അപകടം എന്ന് ചിന്തിക്കുകയായിരുന്നു. എന്റെ അഭിപ്രായത്തിൽ റോഡിന്റെ ഡിസൈനിൽ കാര്യമായ തകരാറുണ്ട്. ഇത് നമ്മൾ ഒരുമിച്ച് ആലോചിക്കണം." 

അഞ്ച് ദിവസം കൊണ്ട് രാഹുൽ ഗാന്ധിക്ക് മനസ്സിലായത് നമുക്ക് വർഷങ്ങളെടുത്തിട്ടും മനസ്സിലായിട്ടില്ല. ഹൈവേയുടെ ഏറ്റവും പ്രധാനം ആക്സസ് കൺട്രോൾ ആണ്. പക്ഷെ നമ്മൾ ഹൈവെയിലേക്ക് എല്ലാ റോഡുകളും തുറന്ന് വച്ചിരിക്കുകയാണ്. എവിടെയെങ്കിലും അത്തരത്തിൽ കൺട്രോൾ ചെയ്താൽ പ്രക്ഷോഭം തുടങ്ങുകയും പൊളിക്കുകയും ചെയ്യും. നൂറ് കിലോമീറ്റർ വേഗത്തിലെത്തുന്ന വാഹനത്തിലേക്ക് മുന്നിൽ കുറുകെ കയറുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്വാഭാവികമാണ്. തീവ്രവാദി ആക്രമണങ്ങളിൽ ജീവൻ പൊലിയുമ്പോൾ മാത്രമാണ് നമ്മുടെ ആത്മരോഷം ഉയരുക. അതിനേക്കാൾ എത്ര ഇരട്ടി ജീവനുകൾ റോഡുകളിൽ പൊലിയുന്നു എന്ന് ചിന്തിക്കണം. 

പിഴയീടാക്കാനുള്ള അക്ഷയപാത്രമായി സർക്കാരുകൾ റോഡുകളെ കാണരുത്. അതിനപ്പുറം റോഡിൽ അച്ചടക്കമുണ്ടാക്കാനുള്ള നടപടികൾ വേണം. നാടിന്റെ നന്മയെ കരുതി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ വിഷയം പരിഗണിക്കണം. റോഡുകൾ മരണക്കെണികളാവുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Rahul Gandhi explained about Road accident