വധശിക്ഷാവിധിയില്‍ ഒപ്പിട്ട ശേഷം ജഡ്ജി പേനയുടെ മുന കുത്തിയൊടിക്കുന്നത് കീഴ്‌വഴക്കമാണ് കോടതികളില്‍. തൂക്കിലേറ്റാന്‍ വിധിച്ച് ഉത്തരവില്‍ ഒപ്പിട്ടാല്‍ പേനയെ തൂക്കിലേറ്റുന്നത് കീഴ്‌വഴക്കമോ വിശ്വാസമോ എന്ന ചോദ്യവും പലപ്പോഴും ഉയര്‍ന്നുകേട്ടിട്ടുണ്ട്.
യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണനെ ക്ലാസ് മുറിയില്‍, കുട്ടികളുടെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസ് അന്ന് കേരളമനസാക്ഷിയെ ആകെ മരവിപ്പിച്ച സംഭവമായിരുന്നു. കുരുന്നുകണ്ണുകള്‍ക്ക് മുന്‍പില്‍ അരങ്ങേറിയ അപരാധം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കി അഞ്ച് സിപിഎം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ചന്ദ്രദാസ് പേനയുടെ മുന കുത്തിയൊടിച്ച ശേഷമാണ് ചേംബറിലേക്ക് പോയത്. 2003 ഓഗസ്റ്റിലായിരുന്നു ആ വിധി വന്നത്.
ആലുവയില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ 5 വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനും തൂക്കുകയറാണ് കോടതി വിധിച്ചത്. കഴിഞ്ഞ നവംബറില്‍ വന്ന ശിക്ഷവിധി പ്രസ്താവിച്ചത് വിചാരണക്കോടതി ജഡ്ജി കെ. സോമന്‍ ആയിരുന്നു. ശിക്ഷ വിധിച്ച് 197പേജ് വിധിന്യായത്തില്‍ ഒപ്പുവച്ച ശേഷം പേനയുടെ മുന മേശപ്പുറത്ത് കുത്തിയൊടിച്ചു, പിന്നീടത് ജീവനക്കാര്‍ക്ക് കൈമാറി.
വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ സെഷന്‍ഡ് ജഡ്ജി എ എം ബഷീറും പേനയുടെ നിബ് ഒടിച്ചുകളഞ്ഞു. ജസ്റ്റിസ് ബി. കെമാല്‍പാഷ സെഷന്‍സ് ജഡ്ജിയായിരിക്കെയും 13 കൊലക്കേസുകളിലായി 14 പേര്‍ക്ക് വധശിക്ഷ നല്‍കി. വിധി പ്രഖ്യാപിച്ച ഉടന്‍ ആ പേനകളുടെ മുന കുത്തിയൊടിച്ചു.
എന്താണീ പേനയെ തൂക്കിലേറ്റുന്ന കീഴ്‌വഴക്കത്തിനു പിന്നില്‍? ഒരിക്കല്‍ വധശിക്ഷ വിധിച്ച് വിധിന്യായത്തില്‍ ഒപ്പിട്ടാല്‍ ജഡ്ജി അത് പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കാന്‍ പേനത്തുമ്പ് ഒടിച്ചുകളയുന്നു എന്നതാണ് ഒരു വാദം. ഒരു വ്യക്തിയുടെ ജീവന്‍ അപഹരിക്കുകയാണ് വധശിക്ഷാവിധിയിലൂടെ പേന ചെയ്യുന്നത്. ഈ പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്റെ പ്രതീകമായാണ് ജഡ്ജിമാര്‍ പേന മാറ്റിവയ്ക്കുകയോ ഒടിച്ചുകളയുകയോ ചെയ്യുന്നതെന്നും പറയപ്പെടുന്നു.