അങ്ങേയറ്റം ഞെട്ടലുളവാക്കിയ ഒരു ക്രൂരകൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് കേരളം ഇന്നലെ കേട്ടത്. മണല്‍ക്കടത്ത് പൊലീസിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസിലാണ് ആറു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുമ്പള പേരാല്‍ പൊട്ടോടിമൂലയിലെ അബ്ദുല്‍ സലാമിനെ കൊലചെയ്ത കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. പ്രിയയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
2017 ഏപ്രില്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് സലാമും പ്രതികളിലൊരാളായ സിദ്ദിഖും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ സലാമിനെയും സുഹൃത്ത് നൗഷാദിനെയും മൂന്നാംപ്രതി ഷഹീര്‍ മാളിയങ്കര കോട്ടയ്ക്കു സമീപത്തേക്ക് വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. സലാമിന്റെ തലയറുത്ത് പ്രതികള്‍ ഫുട്ബോള്‍ പോലെ തട്ടിക്കളിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ നിന്ന് 25മീറ്റര്‍ മാറിയാണ് തല കണ്ടെത്തിയിരുന്നത്.
ഒന്നുമുതല്‍ ആറുവരെ പ്രതികളായ കോയിപ്പാടി ബദരിയ നഗര്‍ അബൂബക്കര്‍ സിദ്ദിഖ്, സിറാജ് ക്വാര്‍ട്ടേഴ്സിലെ കെഎസ് ഉമ്മര്‍ ഫാറൂഖ്, പെര്‍വാട് വാടകവീട്ടില്‍ താമസിക്കുന്ന എ. ഷഹീര്‍, ആരിക്കാടി നിയാസ് മന്‍സിലില്‍ നിയാസ്, മളി ഹൗസില്‍ ഹരീഷ്, മാളിയങ്കര കോട്ടയില്‍ ലത്തീഫ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 വര്‍ഷവും മൂന്നുമാസം തടവും വിധിച്ചു. ഈ കേസില്‍ അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 6 ലക്ഷം രൂപ അബ്ദുല്‍ സലാമിന്റെ കുടുംബത്തിനും 2 ലക്ഷം രൂപ നൗഷാദിനും നല്‍കണം. കേസില്‍ രണ്ടുപേരെ കോടതി വിട്ടയച്ചിരുന്നു.