ചോറ്റാനിക്കരയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാകാമെന്ന് സംശയം. ഇവ മനുഷ്യന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം വീട്ടുടമയില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദമായ മൊഴിയെടുക്കും.
എരുവേലി പാലസ് സ്ക്വയറില്‍ 25 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ റഫ്രിജറേറ്റില്‍ നിന്നും മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയത്. തലയോട്ടിയും വാരിയെല്ലുകളും അടക്കമുള്ള വലിയ അസ്ഥികള്‍ ഒരു ചാക്കിലും ചെറിയ അസ്ഥികള്‍ മറ്റൊരു ചാക്കിലുമായിരുന്നു. കൈ വിരലുകളുടെ അസ്ഥികള്‍ പ്ലാസ്റ്റിക് കവറില്‍ പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ചിരുന്നു.
നട്ടെല്ലിന്‍റെ കശേരുക്കള്‍ നൂലു കോര്‍ത്തു കെട്ടിവച്ച നിലയിലും. ഇവയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവ വിശദപരിശോധനയ്ക്ക് കൊണ്ടുപോയി. സാമൂഹിക വിരുദ്ധരുടെ ശല്യം ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം പരാതി അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടര്‍ ഫിലിപ്പ് ജോണിന്‍റേതാണ് വീട്.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അസ്ഥികള്‍ എങ്ങിനെ വീടിനുള്ളില്‍ എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം വീട്ടുടമയോട് പൊലീസ് വിശദമായി ചോദിച്ചറിയും.