കേരളത്തില്‍ പോക്സോ കേസുകള്‍ അന്തമില്ലാതെ കൂടിവരികയാണെന്ന് ആക്ടിവിസ്റ്റ് ധന്യ രാമന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറുടെ അടുത്തുവന്ന പരാതിയും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. ഒരു കുഞ്ഞിനെ കായികാധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് അവിടെ റജിസ്റ്റര്‍ ചെയ്ത പരാതി. അതിനുമുന്‍പ് മണക്കാട് ട്യൂഷന്‍ സെന്ററിലെ പ്രിന്‍സിപ്പല്‍ 16വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി ലഭിച്ചു. എല്ലാ പരീക്ഷകളിലും നൂറ് ശതമാനം മാര്‍ക്ക് നേടുന്ന ഒരു കുഞ്ഞിനെയാണ് അയാള്‍ ഇല്ലാതാക്കിയതെന്നും ഈ പോക്ക് ഗുരുതരമായൊരു സാമൂഹികാവസ്ഥയിലേക്കാണ് കേരളത്തെ ചെന്നെത്തിക്കുന്നതെന്നും ധന്യ മനോരമന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ധന്യ നിലവിലെ സാഹചര്യം തുറന്നുപറഞ്ഞത്. ‘ഇന്നിതാ 64 പേര്‍ നിരന്തരം പീഡിപ്പിച്ചെന്ന വാര്‍ത്തയാണ് പത്തനംതിട്ടയില്‍ നിന്നും പുറത്തുവരുന്നത് . കുട്ടികളോട് നിരന്തരം സംസാരിക്കുന്ന ഒരു സാഹചര്യം പോലും ഇന്നില്ല. ഒരു പീഡന സംഭവമുണ്ടാകുമ്പോള്‍ എന്തുകൊണ്ട് പെട്ടെന്ന് പുറത്തുവരുന്നില്ല അതല്ലെങ്കില്‍ പറയുന്നില്ല എന്നതാണ് എല്ലാവരുടെയും ചോദ്യം. ഒരു കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവളുടെ മാനസികനില ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കും. സാധാരണഗതിയിലേക്ക് മനസ് തിരിച്ചെത്താനും ഒന്നു തുറന്നുപറയാനും വര്‍ഷങ്ങളെടുക്കും. വര്‍ഷങ്ങളോളം മാനസികാരോഗ്യ വിദഗ്ധൻ്റെ കീഴിലായിരിക്കും പിന്നെ.. ഇത്തരം മാനസികാവസ്ഥയില്‍ നിന്നും എങ്ങനെയാണ് പെട്ടെന്ന് പരാതി നല്‍കുക? അതേസമയം അവര്‍ സമയമെടുത്ത് സ്വയം പരാതിയുമായി എത്തുകയാണ്. അതിനവര്‍ക്ക് സമയമെടുക്കും.
മൃഗങ്ങള്‍ ഇത്രയും ക്രൂരമായി പെരുമാറില്ല, മനുഷ്യരുടെ മനോനില വളരെ ഗുരുതരമാണ്, ചുറ്റും ചേര്‍ന്നുനില്‍ക്കുന്നവരാണ് ഈ കുട്ടിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്. ഇന്ന സ്ഥലത്ത് ഒരു കുട്ടിയുണ്ട്, ചെറിയ കുട്ടിയാണ്,നിങ്ങള്‍ക്ക് അവളെ കിട്ടും, അങ്ങനെ ഒരു കുഞ്ഞിനെ ഒരാളില്‍നിന്നും വേറൊരാളിലേക്ക് കൈമാറുകയാണ്. കുഞ്ഞിനെ മറ്റു പുരുഷന്‍മാര്‍ക്ക് ഒറ്റിക്കൊടുക്കുന്ന ക്രൂരന്‍മായ പുരുഷന്‍മാര്‍. പല പോക്സോ കേസുകളും വാര്‍ത്തയാവുന്നില്ലെന്നതാണ് സത്യം. മണക്കാട്ടെ സംഭവം പുറത്തുവന്നതിനു പിന്നാലെ ഏഴ് പോക്സോ കേസുകളാണ് വന്നതെന്നും ഈ അവസ്ഥ അവസാനിപ്പിക്കാന്‍ കൗണ്‍സിലിങ് സംവിധാനങ്ങള്‍ ശക്തമാകണമെന്നും ധന്യ പറയുന്നു.