ആരും കാണില്ലെന്ന് കരുതിയാണ് ഈ സാഹസത്തിനു മുതിര്‍ന്നത്, പക്ഷേ ഇതിപ്പോള്‍ നാടാകെ പാട്ടായല്ലോ ഡ്രൈവറേ..പൈനാപ്പിള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ സ്വകാര്യബസ് ഡ്രൈവര്‍ ചെയ്ത മോഷണം സോഷ്യല്‍മീഡിയയിലൂടെ പാട്ടാകുമെന്ന് കരുതിക്കാണില്ല. ആകെ നാണക്കേടായതിന്റെ ജാള്യതയിലാണ് സ്വകാര്യബസ് ഡ്രൈവറും ജീവനക്കാരും.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി കവലയിൽ സിഗ്നൽ കാത്തു കിടക്കുന്നതിനിടെയാണു സ്വകാര്യ ബസ് ഡ്രൈവർ തൊട്ടരികെ എത്തിയ പൈനാപ്പിൾ നിറച്ച ലോറി കണ്ടത്. കയ്യെത്തും ദൂരത്ത് പൈനാപ്പിൾ കണ്ടപ്പോൾ ചുമ്മാ ഒരു കൗതുകത്തിനു ചെയ്തതാണ്. ബസിൽ നിന്നു കൈ നീട്ടിയാല്‍ ലോറിയിലെത്തും, ആ കൗതുകമോര്‍ത്ത് ചെയ്തതാണ്. കൈനീട്ടിപ്പിടിച്ച് ഒരു പൈനാപ്പിള്‍ കൈക്കലാക്കി. ഇല്ല ആരും കണ്ടില്ലെന്ന ഭാവമായിരുന്നു അപ്പോള്‍.
എന്നാല്‍ പിന്നിൽ സിഗ്നൽ കാത്തു കിടന്ന വാഹനത്തിലെ യാത്രക്കാരൻ ഈ കൊച്ചുമോഷണം ക്യാമറയിൽ പകർത്തി. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ പൈനാപ്പിൾ മോഷണം വൈറലാണ്. ലോറി ഡ്രൈവറോ മറ്റോ പരാതിയുമായൊന്നും വന്നില്ലെങ്കിലും സ്വന്തംപേരില്‍ വന്ന മോഷണം നാടും നാട്ടുകാരും കണ്ടാസ്വദിച്ച് ചിരിച്ചതിന്റെ ജാള്യത അങ്ങോട്ട് വിട്ടുപോയിട്ടില്ല പാവം ഡ്രൈവര്‍ക്ക്.