അഞ്ചുവര്‍ഷക്കാലം ചങ്ങലപോലെ നീണ്ട പീഡനപരമ്പരയാണ് പത്തനംതിട്ടയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. നാലു ദിവസമായി തുടങ്ങിയ അന്വേഷണവിവരങ്ങളാണ് ഒന്നൊന്നായി വാര്‍ത്തയാവുന്നത്. ദലിത് പെണ്‍കുട്ടിയെ 13ാം വയസുമുതല്‍ 18 വയസുവരെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ നടന്ന ഒരു കൗണ്‍സിലിങ്ങിനിടെയാണ് ഒന്നുമറിയാത്ത ഇളംപ്രായത്തില്‍ നടന്ന ക്രൂരതകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ആദ്യം പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് മൊഴി.പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് അവന്റെ സുഹൃത്തുക്കള്‍, അച്ഛന്റെ സുഹൃത്തുക്കള്‍ അങ്ങനെ ആദ്യ പീഡനത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയുള്ള ക്രൂരതകളായിരുന്നു പിന്നീട് നടന്നത്. പ്രതികളില്‍ നാല്‍പതോളം പേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ 18 വയസുള്ള പെണ്‍കുട്ടി അഞ്ചുവര്‍ഷം അനുഭവിച്ച ക്രൂരതകളും മാനസിക സംഘര്‍ഷങ്ങളുമാണ് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു, അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നു. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി ഉപദ്രവിച്ചതായും മൊഴിയുണ്ട്. വീട്ടിലെത്തിവരെ പീഡിപ്പിച്ചു ഇവരില്‍ പലരും. കുട്ടിക്കറിയാത്ത പല സ്ഥലങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. കാറില്‍വച്ചും സ്കൂളില്‍വച്ചും പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. സ്കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടിയെ ക്യാംപില്‍വച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്. എല്ലാം ക്രൂരതകളുടെ ദൃശ്യങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ഒന്നും ഉരിയാടാനാവാതെ പുറത്തുപറയാനാവാതെ അവള്‍ സഹിച്ചു, ഇന്നൊരു സാഹചര്യം വന്നപ്പോള്‍ , അല്‍പം കൂടി ലോകമറിഞ്ഞപ്പോള്‍ അവളെല്ലാം ഒന്നൊന്നായി ഓര്‍ത്തു പറഞ്ഞു.
ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തംതിട്ട പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലവുംതിട്ട പൊലീസ് എടുത്ത കേസില്‍ ഇന്നലെ നാലുപേര്‍ അറസ്റ്റിലായിരുന്നു. പ്രക്കാനം സ്വദേശികളായ സുബിന്‍,സന്ദീപ്,വിനീത്,അനന്തു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാംപ്രതി സുധി മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
പല സ്ഥലങ്ങളില്‍വച്ച് നടന്ന പീഡനമായതിനാല്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും കുട്ടിക്ക് നല്‍കുന്നുണ്ട്.
ഒന്നുമില്ലാത്ത ഒന്നുമറിയാത്ത ഒരു കുട്ടിയെ അവളുടെ ജീവിതസാഹചര്യത്തെ ചൂഷണം ചെയ്തും മുതലെടുത്തും നടത്തിയ ക്രൂരതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ചുവര്‍ഷക്കാലം തടവറയിലിട്ട് അവളുടെ കുട്ടിത്തത്തെയും കൗമാരകാലത്തെയും തച്ചുടച്ച നരാധമന്‍മാരില്‍ നാല്‍പതോളം പേരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. പീഡിപ്പിച്ച 62 പേരെയും വിലങ്ങണിയിച്ച് നിയമത്തിനു മുന്നില്‍ നിര്‍ത്തുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് കേരളം.