പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടിക നീളുകയാണ്. അടുത്ത ദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട യുവാവും പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയെ 13 വയസുമുതല്‍ പീഡിപ്പിച്ചവരില്‍ നാട്ടിലെ ഓട്ടോതൊഴിലാളികളും കച്ചവടക്കാരും ഉള്‍പ്പെടെയുണ്ട്. ആണ്‍സുഹൃത്തും അയാളുടെ സുഹൃത്തുക്കളും അച്ഛന്റെ സുഹൃത്തുക്കളും ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.
വര്‍ഷങ്ങളായി തുടര്‍ന്ന പീഡനപരമ്പരയില്‍ 62ഓളം പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന മൊഴി. അതില്‍ ഭൂരിഭാഗം പ്രതികളുടേയും പേരുകള്‍ പെണ്‍കുട്ടി തന്നെ എഴുതി നല്‍കിയിട്ടുണ്ട്. ഈ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതാണ്ടെല്ലാ പ്രതികളും പൊലീസിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞെന്നാണ് സൂചന. മൂന്ന് ഓട്ടോ തൊഴിലാളികള്‍, പ്ലസ്ടു വിദ്യാര്‍ഥി, മത്സ്യക്കച്ചവടക്കാരായ സഹോദരങ്ങള്‍, എന്നിവരും അറസ്റ്റില്‍ ആയിട്ടുണ്ട്.
സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കുകയും തുടര്‍ന്ന് ആ ദൃശ്യങ്ങള്‍ കാണിച്ച് അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൊതുയിടങ്ങളില്‍വച്ചും കാറില്‍വച്ചും സ്കൂളില്‍വച്ചും കുട്ടി പീഡനം ഏറ്റുവാങ്ങി. പരിശീലനക്യാംപില്‍വച്ചും പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്.
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത പെണ്‍കുട്ടി പിതാവിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നും ഡയറിക്കുറിപ്പുകളില്‍ നിന്നുമാണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ പത്തുപേര്‍ കൂടി കസ്റ്റഡിയിലായി. ഇന്നലെ രാത്രി പമ്പയില്‍ നിന്നും മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇതോടെ മൂന്നു ദിവസത്തിനിടെ 20 പേരാണ് ഈ പീഡനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്. രണ്ടു ദിവസത്തിനകം ബാക്കിയുള്ളവരും പിടിയിലാകുമെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. കസ്റ്റഡിയിലെടുത്തവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇലവുംതിട്ട പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് പത്തനംതിട്ട, കോന്നി,മലയാലപ്പുഴ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.