മലപ്പുറം നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി വില്‍പന നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പോത്തുകല്‍ പനങ്കയം സ്വദേശി പത്തുരാന്‍ അലിയാണ് വനം ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി പ്രതി കർണ്ണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. 

2024ജനുവരി18നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തിൽ നാടൻ തോക്ക് ഉപയോഗിച്ച്  കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. കോടതി മുൻകൂർ ജാമ്യം തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്യതതോടെയാണ് അലി വനം ഓഫിസിൽ എത്തി കീഴടങ്ങിയത്. കാട്ടുപോത്തിനെ വെടിവയ്ക്കാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്കും ഹാജരാക്കി. 

കാഞ്ഞിരപുഴ വനം സ്റ്റേഷൻ പരിധിയിലെ ഇടിച്ചിൽ കഞ്ചാവ് വെട്ട് പ്രദേശത്ത് വെച്ചാണ് നാടൻ തോക്ക് ഉപയോഗിച്ച് കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും, വിൽപ്പനക്കും സഹായിച്ചതിന്, അലിയുടെ സഹോദരൻ സുനീർ ഉൾപ്പെടെ 11പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു. 

പോത്തിന്റെ തലകാട്ടിൽ ഉപേക്ഷിച്ചു പോയിരുന്നു. വനപാലകർ കാട്ടുപോത്തിന്റെ തല ഭാഗം കണ്ടെടുത്തതോടെയാണ് കേസിന് തുമ്പായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുമെന്നും നിലമ്പൂർ റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ പറഞ്ഞു. കസ്റ്റഡി അപേക്ഷയും ഇന്ന് നൽകും. 

ENGLISH SUMMARY:

Main Accused Arrested for Killing Wild Buffalo and Illegal Meat Trade