ഉമ്മ ഷെമീനയെ രണ്ടു തവണ ആക്രമിച്ചെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി. ഏറ്റവും ആദ്യം ഷാള്‍ കഴുത്തില്‍ കുരുക്കി തലപിടിച്ച് നിലത്തിടിച്ചു. പിന്നെ വല്യുമ്മ ലത്തീഫ് സാജിത എന്നിവരെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുവന്ന് വീണുകിടക്കുന്ന ഉമ്മയെ നോക്കി. ഉമ്മ നിലത്തുകിടന്ന് പിടയുന്നതുകണ്ടപ്പോള്‍ ജീവനുണ്ടെന്ന് മനസിലായി.
അതോടെ മറ്റുള്ളവരെ കൊലപ്പെടുത്തിയ ചുറ്റികകൊണ്ട് ഉമ്മയുടെ തലക്കടിച്ചു. കുടുംബത്തില്‍ കടം പെരുകിയതിനെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ ഉമ്മയും ആഗ്രഹിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനു മൊഴി നല്‍കി. അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉമ്മയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കാന്‍സര്‍ ബാധിതയായ ഉമ്മയ്ക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ മൊഴി നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് പണം ചോദിച്ചിട്ട് തരാത്തതും ഉമ്മയോടുളള ദേഷ്യത്തിനു ആക്കം കൂട്ടി. വല്ല്യുമ്മയോട് സ്വര്‍ണം പണയംവയ്ക്കാന്‍ ചോദിച്ചിട്ട് തരാത്തതായിരുന്നു ആ വയോധികയേയും ദാരുണമായി കൊലപ്പെടുത്താന്‍ കൊച്ചുമകനെ പ്രേരിപ്പിച്ചത്.