ബുള്ളറ്റ് മോഷണം ഹരമാക്കിയ കുപ്രസിദ്ധ മോഷ്ടാവ് ബെംഗളുരുവില്‍ അറസ്റ്റില്‍. മൂന്നുവര്‍ഷത്തിനിടെ നഗരത്തില്‍ നിന്നുമാത്രം 100 ബുള്ളറ്റുകള്‍ കവര്‍ന്നയാളെയാണ് ഒടുവില്‍ പൊലീസ് പിടികൂടിയത്.
36 വയസുള്ള, നഗരത്തില്‍ ഡ്രൈവറായും മെക്കാനിക്കായും ജോലി ചെയ്യുന്ന, ചിറ്റൂര്‍ സ്വദേശി പ്രസാദ് ബാബു കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ കവര്‍ന്നത് നിരവധി വാഹനങ്ങളാണ്. പ്രസാദിന്റെ കവര്‍ച്ചയ്ക്കുമുണ്ടൊരു പ്രത്യേക. ഇഷ്ട വാഹനം കാക്കി കളര്‍ ബുള്ളറ്റ്. അതു കിട്ടിയില്ലെങ്കില്‍ ഇതാ നീല കളര്‍ ഹോണ്ട ആക്ടീവ. അതല്ലെങ്കില്‍ കറുപ്പും ചുവപ്പും ഗ്രാഫിക്സോടു കൂടിയുള്ള പള്‍സര്‍ ബൈക്ക്. അപ്പാര്‍ട്ട്മെന്റുകള്‍ക്കു പുറത്തു റോഡരകില്‍ പാര്‍ക്ക് ചെയ്യുന്ന ബുള്ളറ്റിന്റെ ഹാന്‍ഡില്‍ ലോക്ക് തകര്‍ത്തു വണ്ടിയുമെടുത്ത് ഇങ്ങനെ കടന്നുകളയാന്‍ പ്രസാദിനു വേണ്ടത്, വെറും ഒരുമിനിറ്റ് സമയം മാത്രം.
ജനുവരി പത്തിന് കെ.ആര്‍.പുരം ഗായത്രി ലേഔട്ടില്‍ നിന്നും പള്‍സര്‍ മോഷണം പോയതിലെ അന്വേഷണമാണ് ഐ.ടി. നഗരത്തിലെ ബുള്ളറ്റ് പ്രേമികളുടെ നെഞ്ചില്‍ തീ കോരിയിട്ടിരുന്ന പെരുങ്കള്ളന്റെ അറസ്റ്റിലേക്കെത്തിയത്.
ചിറ്റൂരിലെ വീട്ടില്‍ നിന്നും രാവിലെ ബസില്‍ ജോലിക്കെത്തുന്ന ഇയാള്‍ വൈകീട്ടു സ്ഥിരമായി മോഷ്ടിക്കുന്ന വാഹനങ്ങളിലാണു മടങ്ങിയിരുന്നത്. വീടിനു സമീപത്തെ യാര്‍ഡില്‍ നിന്നും 20 ബുള്ളറ്റുകള്‍, 30 പള്‍സര്‍ ബൈക്കുകള്‍,42 ഹോണ്ട ആക്ടീവ സ്കൂട്ടറുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.