താമരശ്ശേരി വിദ്യാർഥി സംഘർഷത്തിനിടെ 15കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, കുറ്റക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളെയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനായി കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍, കൂടുതൽ കുട്ടികൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

വിഷയത്തിൽ നേരിട്ട് ഇടപെട്ടവരെക്കുറിച്ചുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. പിടിയിലായ അഞ്ച് വിദ്യാര്‍ഥികള്‍ സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഈ കുട്ടികളുണ്ടാക്കിയ അടിയില്‍, പത്താംക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു.

അറസ്റ്റിലായ താമരശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരെയാണ് നിലവില്‍ കൊലപാതകുറ്റം ചുമത്തിയിരിക്കുന്നത്.  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ഇവരെ വെള്ളിമാട് കുന്നിലെ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച പൊലീസിന്റ സാന്നിധ്യത്തില്‍ ഇവരെ പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. 

അടിയുണ്ടാക്കിയ ഷഹബാസ് ഉള്‍പ്പെട്ട സംഘത്തില്‍ 3 സ്കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം ജെ ഹയര്‍ സെക്കന്ററി സ്കൂള്‍, ചക്കാലയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം 57 എന്ന ഗ്രൂപ്പിലൂടെയാണ് സംഘര്‍ഷത്തിന് ഇവര്‍ കോപ്പ് കൂട്ടിയത്. 

വിദ്യാർഥി സംഘർഷത്തിനിടെ പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചത് തലയോട്ടി തകര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കട്ടിയുള്ള ആയുധം ഉപയോഗിച്ചുള്ള അടിയാണ് ഷഹബാസിന്റ തലയ്ക്ക് കിട്ടിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചതെന്ന കുടുംബത്തിന്റ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലും. ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് നഞ്ചക്ക് കണ്ടെത്തുകയും ചെയ്തു. 

ENGLISH SUMMARY:

Thamarassery Student Death, More CCTV footage of the attack