shiny-whatsapp

TOPICS COVERED

 ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കിയ ഷൈനിയെ അന്ന് പുലര്‍ച്ചെ ഒരുമണിക്ക് വിളിച്ചിരുന്നതായി ഭര്‍ത്താവ് നോബി ലൂക്കോസ്. ജോലിക്ക് ഇറാഖിലേക്കു പോകാനായി വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ പുലർച്ചെ ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. സംസാരിച്ച കാര്യങ്ങളെല്ലാം ഷൈനിയ്ക്ക് അങ്ങേയറ്റം മാനസിക വേദനയുണ്ടാക്കുന്നതായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫോണ്‍വിളിക്ക് പിന്നാലെ വാട്സാപ് സന്ദേശങ്ങളും അയച്ചിരുന്നതായി നോബി സമ്മതിച്ചു.

തലേ ദിവസവും നോബി ഷൈനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും അവ ഡിലീറ്റ് ചെയ്തെന്നും നോബിയുടെ മൊഴിയില്‍ നിന്നും പൊലീസിനു വ്യക്തമായി. നോബിയുടെ വിളിവന്ന് നാലുമണിക്കൂര്‍ കഴിഞ്ഞ് 5.25നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. നോബി ഡിലീറ്റ് ചെയ്ത വാട്സാപ് സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസിന്‍റെ ശ്രമം. ഷൈനിയുടെ മൊബൈൽ ഫോണും പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കു പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഏറ്റുമാനൂർ പൊലീസ് എസ്എച്ച്ഒ എ.എസ്.അൻസൽ പറഞ്ഞു.

ഷൈനിയും മക്കളും കടുത്ത ശാരീരിക മാനസിക പീഡനം ഏറ്റിരുന്നതായി ഷൈനിയുടെ മാതാപിതാക്കളും മൊഴി നൽകിയിട്ടുണ്ട്. ദമ്പതികളുടെ വിവാഹമോചനക്കേസ് ഏറ്റുമാനൂർ കുടുംബ കോടതിയിൽ നിലനിൽക്കെയാണ് ഷൈനിയുടെ മരണം. കേസില്‍ സഹകരിക്കാനോ കോടതിയില്‍ ഹാജരാകാനോ നോബി തയ്യാറായിരുന്നില്ല. ഇതിനിടെ ജോലി തേടി പല വാതിലുകളില്‍ മുട്ടിയെങ്കിലും ഷൈനിയുടെ ജോലിയിലുണ്ടായ ഗ്യാപ് കാരണം അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതിനിടെ കുഞ്ഞുങ്ങളുമായി പള്ളിയിലേക്കെന്ന് പറഞ്ഞ് റെയില്‍വേ ട്രാക്കിലേക്കു പോകുന്ന ഷൈനിയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

ENGLISH SUMMARY:

Noby Lukose, the husband of Shiny, who ended her life by jumping in front of a train in Ettumanoor, admitted that he had called her at 1 AM that night. He contacted Shiny while he was at the airport, preparing to leave for work in Iraq. According to the police, the conversation caused Shiny extreme emotional distress. Noby also admitted to sending WhatsApp messages after the call.