Special Arrangement
മാപ്പിളപ്പാട്ട് കലാകാരന്‍ ഫൈജാസ് വാഹനാപകടത്തില്‍ മരിച്ചു. മൈസൂരു സംസ്ഥാനാന്തര പാതയിൽ പുന്നാട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ശ്രദ്ധേയനായ മാപ്പിളപ്പാട്ട് ഗായകനായ ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്താല്‍ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിനുപിന്നാലെ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ ജീവൻ നഷ്ടപ്പെട്ടിരുന്നു. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികളും പറയന്നു. കീഴൂർക്കുന്നിനും പുന്നാടിനുമിടയിൽ നേരെയുള്ള റോഡും ഇറക്കവുമാണ്. ഇവിടെ വാഹനങ്ങൾ അമിതവേഗതിയിലാണ് സഞ്ചരിക്കാറുള്ളത്. ഇതിനു മുൻപും പ്രദേശത്തുണ്ടായ അപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ട്.