കോഴിക്കോട് ഈങ്ങാപുഴയിലെ ഷിബിലയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷിബിലയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കിയ ശേഷമാണ് യാസിർ ഇന്നലെ കൊലപാതകം നടത്തിയത്. യാസിറിന്‍റെ ആക്രമണം ഭയന്ന് താമരശേരി പൊലീസിൽ ഷിബില പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്നലെ രാത്രി 7 മണിയോടെ ലഹരിക്കടിമയായ യാസിർ ഈങ്ങാപുഴയിൽ എത്തിയത് ഷിബിലയെ കൊല്ലാൻ ഉറച്ച് തന്നെയാണ്. വീട്ടു പരിസരത്ത് നിന്ന് ആളൊഴിഞ്ഞപ്പോൾ കൈയ്യിൽ കരുതിയ കത്തി കൊണ്ട് ഷിബിലയുടെ കഴുത്തിൽ കുത്തി, ഷിബിലയെ രക്ഷിക്കാൻ എത്തിയ അബ്ദുൽ റഹ്മാനെയും ഹസീനയെയും കുത്തി, കാറിൽ രക്ഷപ്പെട്ടു. അബ്ദുൽ റഹ്മാനെയാണ് ലക്ഷ്യമിട്ടതെന്നും ഷിബിലയെ കൊല്ലാൻ ഉദേശിച്ചില്ലെന്നുമാണ് യാസിറിന്‍റെ മൊഴി. ഉച്ചയോടെ യാസിറിന്‍റെ അറസ്റ്റ് രേഖപെടുത്തി.
യാസിറിന്‍റെ അക്രമം തുടർന്നപ്പോൾ പൊലീസിൽ പരാതിയുമെത്തിയിരുന്നു കഴിഞ്ഞ ഫെബ്രുവരി 28 ന് ഷിബില, തന്‍റെയും കുഞ്ഞിന്‍റെയും വസ്ത്രം പോലും യാസിർ തരുന്നില്ലെന്ന് പറഞ്ഞിട്ടും താമരശേരി പൊലീസ് അനങ്ങിയില്ല. കഴിഞ്ഞ മാസം സ്വന്തം അമ്മയെ വെട്ടിക്കൊന്ന ആഷിഖ് യാസിറിന്‍റെ സുഹൃത്താണെന്ന് അറിഞ്ഞപ്പോൾ ഷിബില ഭയന്നു, ഒരു മാസങ്ങൾക്കിപ്പുറം ഭയന്നതു പോലെ സംഭവിച്ചു. ഷിബിയുടെ മൃതദേഹം ഈങ്ങാപ്പുഴ കരികുളം മദ്രസയിൽ പൊതുദർശനത്തിന് വച്ച ശേഷം 4.45ഓടെ സുന്നി ത്വാഹാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.