ആഡംബര കാറിലെത്തിയ ശേഷം വഴിചോദിക്കാനെന്ന വ്യജേന, യുവതിയുടെ കണ്ണിൽ മുളക്പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ്മുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശിയായ യുവതിക്കുനേരെയാണ് മുളക്പൊടിയെറിഞ്ഞത്. കൊല്ലം ഈസ്റ്റ് പുള്ളിക്കട സ്വദേശി ലക്ഷ്മി (26), കൊല്ലം മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റ് 11ൽ സാലു (26) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
19–ാം തീയതി രാവിലെയായിരുന്നു സംഭവം. ആഡംബര കാറിലെത്തിയ യുവതിയും യുവാവും, മാർക്കറ്റിൽ നിന്നും വരികയായിരുന്ന 54കാരിയായ മോളിയുടെ സമീപം വാഹനം നിർത്തി. ശേഷം ആറ്റിങ്ങലിലേക്കുള്ള വഴിചോദിച്ചു. തുടർന്ന് മോളിയുടെ കണ്ണിലേക്ക് ലക്ഷ്മി മുളക്പൊടി വിതറി. എന്നാൽ അവിടെയാണ് പണി പാളിയത്. മുളക്പൊടി വിതറുന്നതിനിടെ, ലക്ഷ്മിയുടെ കണ്ണിലും മുളക്പൊടി വീണതോടെ മാലപൊട്ടിക്കാനായില്ല.
മാല പൊട്ടിക്കാനാവാതെ അവിടെ നിന്ന് രക്ഷപ്പെട്ട പ്രതികൾ, ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറുകളുടെ ചിത്രങ്ങൾ മോളിയെ കാണിച്ചു. സുസുക്കിയുടെ വാഹനമാണെന്ന് മനസിലാക്കിയ പൊലീസ് ഇരുന്നൂറോളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഇരവിപുരം പള്ളിമുക്ക് സ്വദേശിയിയുടെ വാഹനമാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.
സുഹൃത്തിന് വേളാങ്കണ്ണിക്ക് പോകാനായി കാർ കൊണ്ടുപോയതാണെന്ന് ഉടമ പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് രണ്ടുപേർക്കും പിടിവീണത്. ലക്ഷ്മിയുടെ അമ്മയ്ക്ക് ഒമാനിലുണ്ടായ കടം തീർക്കാനാണ് സാലുവുമായി ചേർന്ന് മാല പൊട്ടിക്കാനിറങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
......