കോഴിക്കോട് മാവൂരില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം കവര്‍ന്നുവെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞതില്‍ റഹീസിന് തിരിച്ചടിയായത് അതിബുദ്ധിയും അമിത ആത്മവിശ്വാസവും. ഭാര്യാ പിതാവ് എല്‍പിച്ച് തുക മടക്കി നല്‍കാതിരിക്കാനാണ് റഹീസ് മോഷണനാടകം നടത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ചയാണ് മെഡിക്കൽ കോളജ് പൊലീസിന് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി ലഭിച്ചത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ റഹീസ് ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
നിര്‍ത്തിയിട്ട കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നായിരുന്നു ഇയാള്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. ചാക്കില്‍ കെട്ടിയ നിലയില്‍ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും ബോണറ്റില്‍ സൂക്ഷിച്ച 25000 രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.പരാതി നല്‍കിയിതിന് പിന്നാലെ റഹീസിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഭാര്യാ പിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലീസിനോട് പറഞ്ഞിരുന്നത്. 40 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും പിറ്റേ ദിവസമാണ് പരാതി നല്‍കിയത് എന്നതും ഇയാളെ സംശയനിഴലിലാക്കിയിരുന്നു.
അന്വേഷണത്തിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയില്‍ റഹീസിനുള്‍പ്പെെട പങ്കുണ്ടെന്ന് തെളിഞ്ഞത്. മോഷണനാടകത്തിനായി സംഘാംഗങ്ങളായ ജംഷീദ്, സാജിദ് എന്നിവർക്ക് ഇയാള്‍ ക്വട്ടേഷൻ തുകയായി 90,000 രൂപ നല്‍കി എന്നും പൊലീസ് കണ്ടെത്തി.കാറിന്‍റെ ചില്ല് തകര്‍ത്ത് കൂട്ടാളികളായ സാജിദും ജംഷീദും എടുത്തത് പണമില്ലാത്ത ഡമ്മി പെട്ടിയാണ്.
ബിസിനസുകാരനായ ഭാര്യാപിതാവ് നല്‍കിയ പണം തിരികെ നല്‍കാനില്ലാതിരുന്നതോടെയാണ് ഇയാള്‍ മോഷണ നാടകത്തിന് പദ്ധതിയിട്ടത്. വീട്ടുകാരെ വിശ്വസിപ്പിക്കാനായാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ മോഷണക്കുറ്റത്തിന് കേസെടുത്ത പൊലീസ് കള്ളം പൊളിഞ്ഞതോടെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.