കോഴിക്കോട് കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്കു നേരെയുണ്ടായ വൈദേശിക ആക്രമണത്തിന്‍റെ ഓര്‍മകള്‍ പുതുക്കി ഖാസി ഫൗണ്ടേഷന്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പോര്‍ച്ചുഗീസ് പട നഗരത്തെ ആക്രമിച്ചപ്പോള്‍ മുസ്ലിം പടയാളികളും സാമൂതിരിയുടെ പടയാളികളും ഒന്നിച്ച് പോരാടിയതിന്‍റെ ഓര്‍മക്കായി ഖാസി ഫൗണ്ടേഷന്‍ അംഗങ്ങള്‍ തിരുവണ്ണൂരിലെ സാമൂതിരിയുടെ വീട്ടിലെത്തി സ്നേഹക്കൂട്ടായ്മ ഒരുക്കി.
1510, റമസാന്‍ 22. പോര്‍ച്ചുഗല്‍ നാവികപ്പട കോഴിക്കോട് നഗരത്തെ ആക്രമിച്ചു. മിശ്കാല്‍ പള്ളി അഗ്നിക്കിരയാക്കി. അതിന്‍റെ പ്രതികാരമെന്നോണം ചാലിയം കോട്ട ആക്രമിക്കാന്‍ മിശ്കാല്‍ പള്ളിയിലെ മുസ്ലിംങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്നത് സാമൂതിരിയുടെ പടയാളികളായിരുന്നു. ആ ദിനത്തിന്‍റെ ഓര്‍മകള്‍ പുതുക്കിയാണ് തിരുവണ്ണൂരിലെ സാമൂതിരിയുടെ വീട്ടിലെത്തി മിശ്കാല്‍ പള്ളി മുഖ്യ ആക്ടിങ് ഖാസി സഫീര്‍ സഖാഫിയുടെ
നേതൃത്വത്തിലുള്ള സംഘം സാമൂതിരി രാജയ്ക്ക് പൊന്നാട അണിയിച്ചത്. മിശ്ല്‍കാല്‍ പള്ളി ഭാരവാഹികളെ സാമൂതിരിയുടെ സെക്രട്ടറി ടി.കെ രാമവര്‍മയും മകള്‍ സരസിജ രാജയും ചേര്‍ന്ന് സ്വീകരിച്ചു. ദുരന്തസ്മരണ ആണെങ്കിലും ചരിത്രം അടയാളപ്പെടുത്തിയ മാനവികതയുടേയും സാഹോദര്യത്തിന്‍റെയും മാതൃക കൂടിയാണ് ഈ ഒരുമിക്കല്‍.