ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്ക് വന്ന ഭക്തയുടെ 10 പവന്റെ സ്വർണ മാല കവർന്ന കേസിൽ സൂത്രാധാരൻ അറസ്റ്റിൽ. തിരുട്ട് കുടുംബത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി ഇളയരാജയെയാണ് (46) പൊള്ളാച്ചിയിലെ കസബ പൊലീസ് സ്റ്റഷൻ പരിസരത്തു നിന്ന് ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് പിടികൂടിയത്.
ഇളയരാജയുടെ ഭാര്യ മാതുവും കാർ ഡ്രൈവറും ഉൾപ്പെടെ നാലംഗസംഘമാണ് ഇനി വലയിലാകാനുള്ളത്. മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. മോഷണത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ഡസ്റ്റർ കാറും പിടിച്ചെടുത്തു. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി.
ഉച്ചയ്ക്ക് 1.30ഓടെ മുൻകൂട്ടി നിശ്ചയിച്ച പ്ലാൻ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസിൽ കയറി മോഷണം ആരംഭിച്ചു. കാര്യം നടന്നാൽ കാറിൽ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. അന്നും പതിവുപോലെ തിരുട്ട് സംഘം കാറിൽ മുങ്ങുകയായിരുന്നു.
പൊള്ളാച്ചിയിലും എറണാകുളം ചോറ്റാനിക്കര സ്റ്റേഷനിലും ഇളയരാജയുടെ പേരിൽ ഒട്ടേറെ മോഷണക്കേസുകളുണ്ട്. ശംഖുംമുഖം എ.സി അനുരൂപ്, വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മാല കണ്ടെടുക്കാനായില്ല.