ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയതിനു കാരണം ഭര്‍ത്താവ് നോബി തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഷൈനിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് നോബിയുടെ ക്രൂരമായ വാക്കുകളായിരുന്നു. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടേയെന്ന് തലേദിവസം നോബി ഷൈനിയോട് ചോദിച്ചിരുന്നു. വാട്സാപ് കോളില്‍ വിളിച്ചായിരുന്നു നോബിയുടെ ഭീഷണി.
ഷൈനിയും മക്കളും തുടര്‍ച്ചയായി നോബിയുടെ പീഡനത്തിനു ഇരയായിരുന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഭാര്യയുടേയും മക്കളുടേയും മരണത്തില്‍ നോബിയുടെ പങ്ക് വ്യക്തമാകുന്നത്.
ഷൈനി ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ ഒരുമണിക്ക് വിളിച്ചിരുന്നതായി ഭര്‍ത്താവ് നോബി ലൂക്കോസ് പൊലീസിനു മൊഴി നല്‍കിയിരുന്നു. ജോലിക്ക് ഇറാഖിലേക്കു പോകാനായി വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ പുലർച്ചെ ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. സംസാരിച്ച കാര്യങ്ങളെല്ലാം ഷൈനിയ്ക്ക് അങ്ങേയറ്റം മാനസിക വേദനയുണ്ടാക്കുന്നതായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫോണ്‍വിളിക്ക് പിന്നാലെ വാട്സാപ് സന്ദേശങ്ങളും അയച്ചിരുന്നതായി നോബി സമ്മതിച്ചു.
നോബിയുടെ വിളിവന്ന് നാലുമണിക്കൂര്‍ കഴിഞ്ഞ് 5.25നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്.