കര്‍ണാടകയില്‍ രണ്ടാം ഭാര്യയും കുടുംബവുമുള്ള വയനാട് സ്വദേശി ആദ്യഭാര്യയെയും മകളെയും കുടുംബത്തെയും കുത്തിക്കൊലപ്പെടുത്തി. കുടകില്‍ ആണ് സംഭവം. ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊന്ന തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷിനെ തലപ്പുഴയില്‍നിന്ന് പിടികൂടി. വയനാട് തലപ്പുഴ പൊലീസ് പ്രതിയെ കർണാടക പോലീസിന് കൈമാറി.
ഗിരീഷിന്റെ ഭാര്യ മാഗി, മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ,ഭാര്യാമാതാവ് ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ ഗിരീഷ് കുടുംബ വഴക്കിനിടെ കയ്യിൽ കരുതിയ കത്തി വെച്ച് നാലുപേരെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചു വയസുള്ള മകൾ കാവേരിയെ ഗിരീഷ് നിരവധി തവണ ആഞ്ഞാഞ്ഞ് കുത്തിയെന്നാണ് പ്രാഥമികമായി മനസിലാകുന്നത്. കൊലക്കുശേഷം കുടകു വിട്ട ഗിരീഷ് തലപ്പുഴ 43ൽ ഒളിവിൽ കഴിയുകയായിരുന്നു. വിവരം ലഭിച്ച തലപ്പുഴ പൊലീസ് ഗിരീഷിനെ സാഹസികമായാണ് പിടികൂടിയത്,.
ഏഴ് വർഷം മുമ്പ് വിവാഹിതരായ ഗിരീഷും മാഗിയും കൂലിപ്പണിക്കാരാണ്. ഇവർ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ ഇന്നലെ തന്നെ കുടകിലേക്ക് കൊണ്ടു പോയി. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു കൂടി കുടക് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.